സോണിയ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക്; നാമനിർദേശപത്രിക സമർപ്പിച്ചു
text_fieldsന്യൂഡൽഹി: കാൽ നൂറ്റാണ്ടായി പാർലമെന്‍റിൽ കോൺഗ്രസിനെ നയിച്ചു വരുന്ന സോണിയ ഗാന്ധി ലോക്സഭയിൽനിന്ന് രാജ്യസഭയിലേക്ക്. രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്താൻ സോണിയ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. രാജ്യസഭയിലെ സേവനകാലം ഏപ്രിലിൽ അവസാനിക്കുന്ന 91കാരനായ മൻമോഹൻ സിങ്ങിന്‍റെ സീറ്റാണ് സോണിയക്ക് വിട്ടുനൽകുന്നത്.
1999ലാണ് യു.പിയിലെ അമേത്തി, കർണാടകത്തിലെ ബെല്ലാരി സീറ്റുകളിൽ മത്സരിച്ച് രണ്ടിടത്തും ജയിച്ച് സോണിയ ഗാന്ധി പാർലമെന്‍ററി രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2004 മുതൽ യു.പിയിലെ റായ്ബറേലിയിൽനിന്നുള്ള ലോക്സഭാംഗമാണ്. എന്നാൽ, 77കാരിയായ സോണിയ ഗാന്ധിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ ആറാമൂഴം മത്സരിക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളതു കണക്കിലെടുത്താണ് രാജ്യസഭ സീറ്റ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചെങ്കിലും രാജസ്ഥാൻ നിയമസഭയിൽ ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള അംഗബലം കോൺഗ്രസിനുണ്ട്. എ.ഐ.സി.സി ഭാരവാഹികളായ കെ.സി വേണുഗോപാൽ, രൺദീപ്സിങ് സുർജേവാല, മുകുൾ വാസ്നിക് എന്നിവർക്കും രാജസ്ഥാൻ വഴിയായിരുന്നു രാജ്യസഭാംഗത്വം.
1964 മുതൽ 1967 വരെ രാജ്യസഭാംഗമായിരുന്ന ഇന്ദിര ഗാന്ധിക്ക് ശേഷം നെഹൃകുടുംബത്തിലൊരാൾ ഉപരിസഭയിൽ എത്തുന്നത് ഇതാദ്യമാണ്. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് സോണിയയുടെ സ്ഥാനാർഥിത്വത്തിന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഹിന്ദി മേഖല കൈവിടുന്നില്ലെന്ന സന്ദേശം നൽകാൻ കൂടിയാണ് രാജസ്ഥാനിൽനിന്നുള്ള രാജ്യസഭ പ്രവേശം.
രാജ്യസഭാംഗമാവുന്നതുവഴി സോണിയക്ക് മേൽവിലാസമായ 10-ജൻപഥ് നിലനിർത്തുകയുമാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.