സോണിയ മൂന്നാം തവണയും ഇ.ഡിക്ക് മുമ്പാകെ, വിജയ്ചൗക്കിൽ പ്രതിഷേധിച്ച എം.പിമാർ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നുദിവസമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തത് 11 മണിക്കൂർ. മറുപടി ആരാഞ്ഞത് നൂറോളം ചോദ്യങ്ങൾക്ക്.
പാർലമെന്റ് മന്ദിരത്തിന് പുറത്തും എ.ഐ.സി.സി ആസ്ഥാനത്തുമായി കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധ പ്രകടനങ്ങൾ തുടർന്നതിനിടയിൽ ബുധനാഴ്ച മൂന്നുമണിക്കൂറായിരുന്നു ചോദ്യംചെയ്യൽ. രാവിലെ 11ന് ഇ.ഡി ആസ്ഥാനത്ത് എത്തിയ സോണിയ ഗാന്ധി ഉച്ചക്ക് രണ്ടോടെ മടങ്ങി. വീണ്ടും വിളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചോദ്യംചെയ്യൽ അവസാനിച്ചെന്നാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷ.
നാഷനൽ ഹെറാൾഡിന്റെ സ്വത്തും നടത്തിപ്പുമായി സോണിയക്കുള്ള ബന്ധത്തെക്കുറിച്ചും സ്വത്ത് കൈകാര്യം ചെയ്തതിനെക്കുറിച്ചുമാണ് ഇ.ഡി മൊഴിയെടുത്തത്. മുതിർന്ന ഓഫിസറുടെ ചോദ്യങ്ങൾക്ക് സോണിയ നൽകിയ മറുപടി മറ്റൊരു ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി. നാഷനൽ ഹെറാൾഡിൽനിന്ന് വ്യക്തിപരമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സോണിയ വിശദീകരിച്ചു.
ഇ.ഡിയുടെ അടുത്ത നടപടി എന്താണെന്ന് വ്യക്തമല്ല. സോണിയ, രാഹുൽ, മറ്റു പാർട്ടി നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവർ ചോദ്യംചെയ്യലിൽ നൽകിയ മൊഴി ക്രോഡീകരിച്ച് പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാവും അടുത്ത നടപടികൾ.
അതേസമയം, സോണിയ ഗാന്ധിയെ ഇ.ഡി വേട്ടയാടുന്നതിനും വിലക്കയറ്റത്തിനുമെതിരെ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വിജയ് ചൗക്കിൽ പ്രതിഷേധിച്ച എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പാർട്ടിയിലെ ജി-23 തിരുത്തൽവാദികളുടെ നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവരെക്കൂടി കളത്തിലിറക്കിയ പ്രതിഷേധമാണ് കോൺഗ്രസ് ബുധനാഴ്ച നടത്തിയത്. ആരോഗ്യ സ്ഥിതിയും പ്രായവും സ്ത്രീയെന്ന പരിഗണനയും നൽകാതെ മാരത്തൺ ചോദ്യംചെയ്യൽ നടത്തുന്നത് അന്യായമാണെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. രാജാക്കന്മാർ യുദ്ധകാലത്തും കാണിച്ചിട്ടുള്ള മര്യാദക്ക് വിരുദ്ധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിൽ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച എം.പിമാരെ അകാരണമായി സസ്പെൻഡ് ചെയ്യുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ ചർച്ചകളെ ഭയക്കുകയാണെന്നും രാഷ്ട്രപതിക്ക് നിവേദനം നൽകാൻ പോയപ്പോഴും എം.പിമാരെ തടഞ്ഞതായും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
സത്യം മറച്ചുവെക്കാനുള്ള പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു. നെഹ്റു കുടുംബത്തിന് നിയമാതീത പദവി കൽപിച്ചുനൽകാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.