സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; പ്രിയങ്ക റായ്ബറേലിയിൽ സ്ഥാനാർഥിയാകും?
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. അനാരോഗ്യം മൂലം സോണിയ ഇത്തവണ യു.പിയിലെ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയില്ലെന്നാണ് സൂചന. സോണിയ കർണാടകയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തിയാൽ ഈ സീറ്റ് മകൾ പ്രിയങ്കക്ക് നൽകിയേക്കും.
ആറുമാസത്തിനുള്ളിൽ കർണാടകയിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സോണിയയോട് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. അടുത്തിടെ പ്രതിപക്ഷ നേതൃ യോഗത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ എത്തിയ സമയത്താണ് സിദ്ധരാമയ്യ സോണിയയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോൺഗ്രസ് പ്രതിനിധികളായ ജി.സി.ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, ഡോ. എൽ. ഹനുമന്തയ്യ എന്നിവരുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും രാജ്യസഭയിലെ കാലാവധി അടുത്ത വർഷം ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. കാലാവധി അവസാനിക്കുന്ന സയ്യിദ് നസീർ ഹുസൈന് മല്ലികാർജുൻ ഖർഗെയുടെ വിശ്വസ്തനെന്ന നിലയിൽ ഒരു തവണ കൂടി അവസരം ലഭിച്ചേക്കും. കോൺഗ്രസിന്റെ സമൂഹ മാധ്യമ അധ്യക്ഷയായ സുപ്രിയ ശ്രീനാട്ടെയ്ക്കും ഇത്തവണ പാർട്ടി സീറ്റ് നൽകിയേക്കും. ഇവർക്കൊപ്പമാകും സോണിയയും മത്സരത്തിന് ഇറങ്ങുക. മൂവരും വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി നിലവിൽ റായ്ബറേലിയിൽ നിന്നുള്ള എം.പിയാണ്. നാലു തവണ റായ്ബറേലിയിലും ഒരു തവണ അമേഠിയിലുമാണ് അവർ മത്സരിച്ചത്. ഇതുവരെ തിരഞ്ഞെടുപ്പിൽ തോറ്റിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.