പ്രണബിനെതിരെയുള്ള അഹ്മദ് പട്ടേലിന്‍റെ വിമർശനം സോണിയയുടെ നിർദേശ പ്രകാരം
text_fieldsന്യൂഡൽഹി: പ്രണബ് മുഖർജി വ്യാഴാഴ്ച നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നതിനെതിരെ അഹ്മദ് പട്ടേലിന്‍റെ വിമർശനം യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമെന്ന് സൂചന. 'പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല'എന്നായിരുന്നു ഇന്നലെ രാത്രി അഹ്മദ് പട്ടേൽ ട്വീറ്റ് ചെയ്തത്. സോണിയയുടെ മുൻ രാഷ്ട്രീയ സെക്രട്ടറിയായ അഹ്മദ് പട്ടേൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ്. സോണിയ ആവശ്യപ്പെട്ടതനുസരിച്ചാണ് പട്ടേൽ ട്വീറ്റ് ചെയ്തതെന്ന് കോൺഗ്രസ് വൃത്തങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്.
പ്രണബ് മുഖർജിയുടെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജിയും പിതാവിന്‍റെ സന്ദർശനത്തിലെ എതിർപ്പ് വ്യക്തമാക്കിയിരുന്നു. ബി.ജെ.പിക്കും സംഘ്പരിവാറിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനാണ് സന്ദർശനം അവസരമൊരുക്കുക. അദ്ദേഹം അവിടെ പ്രസംഗിക്കുന്ന കാര്യങ്ങൾ എല്ലാവരും മറന്നുപോയേക്കാം. എന്നാൽ, ദൃശ്യങ്ങൾ എന്നും നിലനിൽക്കും. ഇത് ഉപയോഗിച്ച് ബി.ജെ.പി തെറ്റായ വാർത്തകളും ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കുമെന്നും അവർ ട്വീറ്റ്ചെയ്തിരുന്നു.
വൈകീട്ട് ആർ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന ‘സംഘ് ശിക്ഷ വർഗിൽ’ സംബന്ധിക്കാൻ ബുധനാഴ്ച തന്നെ പ്രണബ് നാഗ്പൂരിലെത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയ സംഘ് പ്രവർത്തകർക്ക് യാത്രമംഗളം നേരുന്ന ചടങ്ങിൽ പ്രണബിെൻറ പ്രസംഗം കോൺഗ്രസ് ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുകയാണ്. ആർ.എസ്.എസ് വേദിയിൽ ആദ്യമായാണ് അദ്ദേഹം പെങ്കടുക്കുന്നത്. നാഗ്പുരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.
പ്രണബ് മുഖർജി ഹിന്ദുത്വവാദികളുടെ ക്ഷണം സ്വീകരിച്ചതുതെന്ന വിവാദമായിരുന്നു. ആർ.എസ്.എസ് സമ്മേളനത്തിൽ പെങ്കടുക്കുന്നതിനെ സഹപ്രവർത്തകരായിരുന്ന കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുണ്ട്. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്.എസ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്.
ക്ഷണം സ്വീകരിച്ച സാഹചര്യത്തിൽ അവിടെപ്പോയി ആർ.എസ്.എസ് ആശയങ്ങളിലെ തെറ്റുകൾ അവരോട് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം പ്രണബിനോട് ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസ് പരിപാടിയിൽ മുൻ രാഷ്ട്രപതി പെങ്കടുക്കരുതെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭ്യർഥിച്ചത്. കേരളത്തിെല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ കത്തിൽ രാജ്യത്തെ മതേതര മനസ്സുകൾ ഞെട്ടലോടെയാണ് നാഗ്പുർ സന്ദർശനത്തെ കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡൻറ് ആഥിർ ചൗധരി, മുതിർന്ന കോൺഗ്രസ് നേതാവ് വി. ഹനുമന്ത റാവു എന്നിവർ പെങ്കടുക്കരുെതന്ന നിലപാടാണ് അറിയിച്ചത്.
അതേസമയം, ഭിന്ന ആശയക്കാർ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും മഹാത്മാഗാന്ധിയും അംബേദ്കറും ഇതിൽപെടുന്നുവെന്നുമാണ് ആർ.എസ്.എസിന്‍റെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.