ശൈഖ് ഹസീന വിളിച്ചു; സോണിയ മക്കൾക്കൊപ്പം കാണാനെത്തി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി ചെയർപേഴ്സൺ സോണിയ ഗാന്ധി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു. സോണിയയെ കാണണമെന്ന് ആവശ്യപ്പെട്ട് ഹസീന വിളിക്കുകയായിരുന്നു. മൂവരും അവരുടെ താമസ സ്ഥലത്തേക്ക് എത്തിയപ്പോൾ സ്വീകരിക്കാനായി നിറചിരിയോടെ ഹസീന വാതിലിനടുത്തേക്ക് വന്നു. ഓരോരുത്തരെയും പ്രത്യേകം ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പിന്നീട് എല്ലാവരും കൂടി ഹസീനയുടെ മുറിയിലേക്ക് പോയി. ആ മുറിയിൽ മുജീബുർറഹ്മാന്റെ വലിയൊരു ഛായചിത്രവും കാണാം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനാണ് ശൈഖ് ഹസീന ന്യൂഡൽഹിയിലെത്തിയത്. ശൈഖ് ഹസീനക്ക് ഗാന്ധികുടുംബവുമായി അഭേദ്യമായ ബന്ധമുണ്ട്. ഹസീനയുടെ പിതാവ് ശൈഖ് മുജീബുർ റഹ്മാനും ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമായിരുന്നു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ദിര ഗാന്ധി തന്ത്രപ്രധാന പങ്കുവഹിച്ചിരുന്നു. അതിനു ശേഷവും ഇരുനേതാക്കളും ബന്ധം തുടർന്നു.
ശനിയാഴ്ചയാണ് ഹസീന ന്യൂഡൽഹിയിലെത്തിയത്. ഹസീനക്കൊപ്പം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ എന്നിവരും മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. മൂന്നാംവട്ടവും അധികാരത്തിലെത്തിയ എൻ.ഡി.എ സർക്കാരിനെ ഹസീന അഭിനന്ദിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി തുടരുമെന്നും അവർ വ്യക്തമാക്കി. മോദിയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചിട്ടുണ്ട് ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.