പ്രമുഖരെ തിരിച്ചുവിളിച്ച് കോൺഗ്രസ് പാർലമെന്‍ററി സമിതികൾ പുനഃസംഘടിപ്പിച്ച് സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: ദേശീയ തലത്തിൽ തിരിച്ചുവരവിന് ശ്രമം ശക്തമാക്കിയ കോൺഗ്രസ് മുൻ കേന്ദ്രമന്ത്രിമാരുൾപെടെ പ്രമുഖരെ തിരിച്ചുവിളിച്ച് പാർലമെന്‍റിലെ പാർട്ടി നേതൃ സമിതികൾ പുനഃസംഘടിപ്പിച്ചു. പി. ചിദംബരം, മനീഷ് തിവാരി, അംബിക സോണി, മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് തുടങ്ങിയവർക്ക് അവസരം നൽകിയാണ് പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് തലേന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സമിതികൾ കൂടുതൽ സജീവമാക്കാൻ നടപടി സ്വീകരിച്ചത്.
ലോക്സഭയിലെ പാർട്ടി നേതാവായി ബംഗാളിൽനിന്നുള്ള എം.പി അധീർ രഞ്ജൻ ചൗധരി തുടരും. ചൗധരിയുടെ പകരക്കാരാകുമെന്ന് കരുതിയിരുന്ന മനീഷ് തിവാരി, ശശി തരൂർ എന്നിവരെ സമിതിയിൽ ഉൾപെടുത്തി. പാർലമെന്‍റ് ചേരുന്നതിന് മുമ്പും ഇടവേളകളിലും ഈ സമിതികൾ േചർന്ന് നിർണായക തീരുമാനങ്ങളെടുക്കും. ഗൗരവ് ഗൊഗോയ് ആണ് ഉപനേതാവ്. കെ. സുരേഷ് ചീഫ് വിപ്പാകും. വിപ്പുമാരായി രവ്നീത് സിങ് ബിട്ടു, മാണിക്കം ടാഗോർ എന്നിവരുമുണ്ടാകും.
മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവും ആനന്ദ് ശർമ ഉപനേതാവും ജയ്റാം രമേശ് ചീഫ് വിപ്പുമായ രാജ്യസഭ സമിതിയിൽ ചിദംബരം, അംബിക സോണി, ദിഗ്വിജയ് സിങ് എന്നിവരുമുണ്ടാകും.
തിങ്കളാഴ്ചയാണ് പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. സമ്പദ്വ്യവസ്ഥ, വാക്സിനേഷൻ, തൊഴിൽ നഷ്ടം, കർഷക നിയമം തുടങ്ങിയ വിഷയങ്ങൾ സജീവമായി രംഗത്തുളളതിനാൽ പാർലമെന്‍റ് പ്രക്ഷുബ്ധമാകും.
വിവിധ പാർട്ടികളുമായി സഹകരിച്ച് നയം തീരുമാനിക്കൽ, അംഗങ്ങളുടെ എണ്ണം സമാഹരിക്കൽ, ഏതൊക്കെ വിഷയം ഉയർത്തിപ്പിടിക്കണമെന്ന് നിർണയിക്കൽ തുടങ്ങിയവയാകും ഇരു സഭകളിലെയും കോൺഗ്രസ് നേതൃതല സമിതികളുടെ പ്രധാന ചുമതല.
എല്ലാ പാർട്ടികളുമായും സഹകരിച്ച് സമരം ശക്തമാക്കാൻ കഴിഞ്ഞ ആഴ്ച മല്ലികാർജുൻ ഖാർഗെയെ പ്രത്യേകം തെരഞ്ഞെടുത്തിരുന്നു. ബി.ജെ.പി ഇതര കക്ഷികളുടെ അനൈക്യം വില്ലനാകുന്ന സാഹചര്യത്തിലാണ് നീക്കം. മുത്തലാഖ്, 370ാം വകുപ്പ് എടുത്തുകളയൽതുടങ്ങിയ വിഷയങ്ങളിൽ ഭരണകക്ഷിക്ക് അനായാസം ബില്ലുകൾ പാസാക്കാൻ ഇതുവഴി സാധ്യമായി.
2024ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രാദേശിക കക്ഷികൾ കൂടുതൽ ഇടമുറപ്പിക്കാൻ ശ്രമം നടത്തുന്നത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. നിലവിൽ കോൺഗ്രസ് അധ്യക്ഷ സോണിയ, ചിദംബരം എന്നിവർ നേതൃത്വം നൽകുന്ന രണ്ട് ഉന്നത തല സമിതികൾ കോൺഗ്രസിനുണ്ട്. പാർലമെന്‍ററി പ്രവർത്തനം സംബന്ധിച്ച വലിയ വിഷയങ്ങൾ തീരുമാനിക്കാനുള്ളതാണ് സോണിയ അധ്യക്ഷയായ സമിതിയെങ്കിൽ സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ പഠിക്കാനുള്ളതാണ് ചിദംബരത്തിന്‍റെ നേതൃത്വത്തിലുള്ള സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.