നേതൃനിരയുമായി സോണിയയുടെ ചർച്ച ഇന്ന്
text_fieldsന്യൂഡൽഹി: കോൺഗ്രസിെൻറ പുതിയ പരിപാടികൾക്ക് രൂപം നൽകാനും വിമതസ്വരം ഉയർത്തിയ നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്നതിനുമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ശനിയാഴ്ച മുതൽ മാരത്തൺ ചർച്ച നടത്തും.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പങ്കാളികളാകും. നേതൃമാറ്റം അടക്കം കോൺഗ്രസിൽ സമഗ്ര അഴിച്ചു പണി ആവശ്യപ്പെട്ട് കത്ത് നൽകിയ 23 നേതാക്കളുമായി തുറന്ന ചർച്ചക്ക് പാർട്ടി നേതൃത്വം ഇതുവരെ തയാറായിരുന്നില്ല.
എന്നാൽ, ഇവരുടെ പ്രതിനിധികളുമായി ചർച്ചകൾ നടക്കണമെന്ന നിർദേശം പല നേതാക്കളും പ്രകടിപ്പിച്ചിരുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ശശി തരൂർ എന്നിവരെ സോണിയ കാണുന്നുണ്ട്.
കൂട്ടായ നേതൃത്വമെന്ന സന്ദേശം മുൻനിർത്തി പാർട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ച് രണ്ടു ദിവസം പ്രമുഖ നേതാക്കളുമായി ചർച്ച നടക്കും. അടുത്ത ഒരാഴ്ച ഇതിെൻറ തുടർചർച്ച ഉണ്ടാകും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചു വരുന്നുവെന്നു തന്നെയാണ് സൂചനകൾ. സംഘടന തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി സമ്മേളനം എന്നിവയുടെ നടത്തിപ്പിന് ചർച്ചകളിൽ രൂപമാകും.
കർഷക സമരം, ശീതകാല പാർലമെൻറ് സമ്മേളനം വേണ്ടെന്നുവെച്ച സർക്കാർ തീരുമാനം, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ കാര്യത്തിൽ കോൺഗ്രസിെൻറ മുന്നോട്ടുള്ള സമീപനം എന്താകണമെന്ന കാര്യവും ഹൈകമാൻഡ് നേതാക്കളുമായി ചർച്ചചെയ്യും. ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചും നേതൃതലത്തിൽ ചർച്ച നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.