ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കില്ല -സോണിയ
text_fieldsന്യൂഡൽഹി: മഹാത്മാവിന്‍റെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കുകയില്ലെന്ന് സോണിയ ഗാന്ധി. ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിക്കാൻ എളുപ്പമാണ്, പക്ഷേ അദ്ദേഹത്തെ പിന്തുടരുക പ്രയാസമാണെന്നും സോണിയ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിൽ സംസാരിക്കുകയായിരുന്നു സോണിയ.
മഹാത്മാവിന്‍റെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കുകയില്ല. ഇന്ത്യയുടെ അടിത്തറ ഗാന്ധിയുടെ തത്വങ്ങളിലാണ്. ചിലർ ഗാന്ധിയെ മാറ്റിനിർത്തി ആർ.എസ്.എസിനെ ഇന്ത്യയുടെ ചിഹ്നമാക്കാൻ ശ്രമിക്കുന്നു. അസത്യങ്ങളുടെ രാഷ്ട്രീയം പ്രവർത്തിക്കുന്നവർക്ക്, സർവാധികാരവും വേണമെന്ന് ചിന്തിക്കുന്നവർക്ക് ഒരിക്കലും ഗാന്ധിയെ മനസ്സിലാകില്ലെന്നും സോണിയ പറഞ്ഞു.
ഗാന്ധി നിലകൊണ്ടത് സ്നേഹത്തിന് വേണ്ടിയാണ്, വെറുപ്പിന് വേണ്ടിയല്ല. ജനധാപിത്യത്തിന് വേണ്ടിയാണ് ഗാന്ധി ശ്രമിച്ചത്, ഏകാധിപത്യത്തിന് വേണ്ടിയല്ല. കോൺഗ്രസ് മാത്രമാണ് ഗാന്ധിയുടെ പാത പിന്തുടരുന്നത്. അത് ഇനിയും തുടരുമെന്നും സോണിയ വ്യക്തമാക്കി.
നേരത്തെ, പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടന്ന ഗാന്ധി ജയന്തി ചടങ്ങിലും സോണിയ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ലോക്സഭ സ്പീക്കർ ഓം ബിർല, ബി.ജെ.പിയുടെ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരടക്കം ഇവിടെ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.