വനിത സംവരണത്തിൽ ഒ.ബി.സി ഉപസംവരണം വേണം; രാജീവ് ഗാന്ധിയുടെ സ്വപ്നമെന്ന് സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: വനിത സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്നമാണെന്നും ബില്ലിനെ പിന്തുണക്കുന്നതായും കോൺഗ്രസ് മുൻ അധ്യക്ഷയും പാർലമെന്‍ററി പാർട്ടി ചെയർപേഴ്ണുമായ സോണിയ ഗാന്ധി. വനിത സംവരണത്തിൽ മറ്റ് പിന്നാക്ക വിഭാഗം, പട്ടികജാതി, പട്ടിക വർഗം എന്നീ വിഭാഗത്തിലെ വനിതകൾക്കും ഉപസംവരണം ഏർപ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ അവതരിപ്പിച്ച വനിത സംവരണ ബില്ലിന്‍റെ ചർച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സോണിയ.
ബിൽ നടപ്പാക്കുന്നതിൽ വരുന്ന കാലതാമസം വനിതകളോടുള്ള അനീതിയാണ്. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണം. രാജ്യത്തെ സ്ത്രീകൾ എത്ര കാലം ബില്ലിനായി കാത്തിരിക്കണമെന്നും സോണിയ ചോദിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ തന്നെ സംവരണം നടപ്പാക്കണമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
എന്‍റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷമാണിത്. തന്‍റെ ജീവിതപങ്കാളിയും കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ആദ്യം കൊണ്ടു വന്നത്. എന്നാൽ, രാജ്യസഭയിൽ ഏഴ് വോട്ടിന് ബിൽ പരാജയപ്പെട്ടു. തുടർന്ന്, പി.വി നരസിംഹ റാവു നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ സംവരണ ബിൽ രാജ്യസഭയിൽ പാസാക്കി.
ഇതിന്‍റെ ഫലമായി 15 ലക്ഷത്തോളം വനിതകൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജീവ് ഗാന്ധിയുടെ സ്വപ്നത്തിന്‍റെ പകുതി യാഥാർഥ്യമായി. പുതിയ വനിത സംവരണ ബിൽ പാസാകുന്നതോടെ ആ സ്വപ്നം പൂർണമായി യാഥാർഥ്യമാകും. കോൺഗ്രസ് ഭരണകാലത്താണ് തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം വനിതകൾ വേണമെന്ന നിലപാട് സ്വീകരിച്ചത്. വനിതാ ശാക്തീകരണത്തിന് വലിയ നടപടികൾ സ്വീകരിച്ച് പാർട്ടി കോൺഗ്രസ് ആണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. വനിത സംവരണം ബിൽ ഞങ്ങളുടേതാണെന്ന് സോണിയ ഗാന്ധി ഇന്നലെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
ഇന്നലെ പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിന്‍റെ ആദ്യ ദിവസമാണ് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. വനിത സംവരണ ബില്ലിൽ ഏഴ് മണിക്കൂർ ചർച്ചയാണ് ലോക്സഭ സഭയിൽ നടക്കുന്നത്.
വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബിൽ രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്സഭ കണ്ടില്ല. ഇതിന് ശേഷം 13 വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ബിൽ ലോക്സഭയിൽ എത്താൻ വഴിയൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.