സോണിയ ഗാന്ധി ഇ.ഡിക്ക് മുമ്പിൽ ഹാജരായി, അനുഗമിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും; അറസ്റ്റുമായി പൊലീസ്
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഓഫീസിൽ ഹാജരായി. കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് 12 മണിയോടെ പ്രിയങ്ക ഗാന്ധിക്കൊപ്പം വാഹനത്തിലാണ് ഇ.ഡി ഓഫീസിൽ സോണിയ എത്തിയത്. സോണിയയെ പാർട്ടി എം.പിമാരും പ്രവർത്തക സമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും അനുഗമിച്ചു. ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച എം.പിമാർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, സോണിയ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്ന സമയം കോൺഗ്രസ് ആസ്ഥാനത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ കോൺഗ്രസ് സംഘടിപ്പിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ച കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇ.ഡി വേട്ടയാടലിനെതിരെ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കൂടാതെ, സംസ്ഥാനങ്ങളിലെ രാജ്ഭവൻ കേന്ദ്രീകരിച്ച് പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും.
പ്രതിഷേധം കണക്കിലെടുത്ത് എ.ഐ.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിരോധനാജഞ പ്രഖ്യാപിച്ചിരുന്നു. ഗോൾ മേത്തി ജംങ്ഷൻ, തുഗ്ലക് റോഡ് ജംങ്ഷൻ, ക്ലാറിഡ്ജ് ജംങ്ഷൻ, ക്യു പോയിന്‍റ് ജംങ്ഷൻ, സുനേഹ്രി മസ്ജിദ് ജംങ്ഷൻ, മൗലാന ആസാദ് റോഡ് ജംങ്ഷൻ, മാൻ സിങ് റോഡ് ജംങ്ഷൻ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മണിവരെ ഡൽഹി ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂൺ എട്ടിന് നോട്ടീസ് നൽകിയപ്പോൾ സോണിയക്ക് കോവിഡ് ബാധിച്ചു. തുടർന്ന് ജൂൺ 23ന് നൽകിയപ്പോൾ, കോവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി അവർ വീട്ടിൽ വിശ്രമത്തിലായിരുന്നു. എന്നാൽ, നാലാഴ്ചക്ക് ശേഷം ഹാജരാകാമെന്ന് അന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നൽകിയത്.
നേരത്തെ, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോഴും കോൺഗ്രസ് പ്രവർത്തകർ ഇ.ഡി ഓഫിസിനു മുന്നിലും വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികമാണ് ഇ.ഡി ഇതേ കേസിൽ രാഹുലിനെ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.