'ഗെഹ്ലോട്ട് ക്രൈസിസ്': കരകയറ്റാൻ മുതിർന്ന നേതാക്കളെ വിളിച്ച് സോണിയ
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും രാജസ്ഥാൻ പ്രതിസന്ധി പരിഹാരവും പാർട്ടിയെ കൂടുതൽ പരിക്കേൽപിക്കാതെ നടത്തിയെടുക്കുന്നതിന് മുതിർന്ന നേതാക്കളുടെ സഹായം തേടി സോണിയ ഗാന്ധി. ഏറ്റവും വിശ്വസ്തനായ അശോക് ഗെഹ്ലോട്ട് റെബലായി മാറിയതോടെ, മർമം അറിഞ്ഞ് ചികിത്സിക്കാൻ സീനിയറായ പ്രധാനമായും മൂന്നു മുൻമുഖ്യമന്ത്രിമാരെയാണ് സോണിയ വിളിച്ചത് -കമൽനാഥ്, എ.കെ ആന്റണി, ദിഗ്വിജയ് സിങ് എന്നിവർ.
നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായി ഭാരവാഹി സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന മുതിർന്ന നേതാക്കൾ പലരും കൊഴിഞ്ഞുപോയിരിക്കേയാണ്, അനുഭവത്തഴക്കവും ഗെഹ്ലോട്ടുമായി സൗഹൃദവുമുള്ളവരെ രക്ഷാദൗത്യത്തിന് സോണിയ വിളിച്ചത്. രാജീവ് ഗാന്ധിയുടെ കാലം മുതൽ ഉറ്റബന്ധം സൂക്ഷിക്കുന്നവരാണ് ആന്റണി, ഗെഹ്ലോട്ട്, കമൽനാഥ്, ദിഗ്വിജയ് സിങ് തുടങ്ങിയവർ.
ഗെഹ്ലോട്ടും നെഹ്റുകുടുംബവുമായി പൊടുന്നനെ ഉണ്ടായ മാനസിക അകൽച്ച മാറ്റിയെടുക്കാനാവുമോ എന്ന അന്വേഷണത്തിലാണ് മുതിർന്ന നേതാക്കൾ. ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റായാലും സ്വന്തം താൽപര്യങ്ങളാണ് കാര്യമാക്കുകയെന്നു വന്നതോടെയാണ് നെഹ്റു കുടുംബത്തിന് വിശ്വസ്തനല്ലാതായി മാറിയിരിക്കുന്നത്. നെഹ്റുകുടുംബത്തിന് വിശ്വസ്തനല്ലാത്ത പ്രസിഡന്റിനെ വാഴിക്കാൻ ആരും തയാറാവില്ല. നെഹ്റുകുടുംബത്തെ ഒരുനിലക്കും വെല്ലുവിളിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധിയെ വിളിച്ച് സംസാരിച്ച അശോക് ഗെഹ്ലോട്ട് ആണയിട്ടു. തന്റെ അറിവോടെയല്ല എം.എൽ.എമാർ വേറിട്ട യോഗം നടത്തിയതെന്നും വിശദീകരിച്ചു. എന്നാൽ, അത് നേതൃനിര മുഖവിലക്ക് എടുക്കുന്നില്ല. എന്നാൽ, പ്രശ്നപരിഹാരമുണ്ടാകണമെങ്കിൽ പ്രധാന പ്രതിസ്ഥാനത്തുനിന്ന് ഗെഹ്ലോട്ടിനെ മാറ്റിനിർത്തണം. അടുത്ത ദിവസം സോണിയയെ കാണണമെന്ന താൽപര്യം ഗെഹ്ലോട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. സചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. സോണിയ രക്ഷാദൗത്യത്തിന് നിയോഗിച്ച മുതിർന്ന നേതാക്കൾ ഇവരുമായി നടത്തുന്ന ചർച്ച നിർണായകമാണ്. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അനുവദിച്ച് മറ്റൊരാളെ സ്ഥാനാർഥിയാക്കാൻ സാധ്യതയേറെ. ദിഗ്വിജയ് സിങ്, മല്ലികാർജുൻ ഖാർഗെ എന്നിവർക്കാണ് മുൻതൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.