വരാതിരിക്കില്ല നല്ല കാലം; സോനമാർഗിൽ സഞ്ചാരികളെയും കാത്ത് കുതിരകളും കുതിരക്കാരും
text_fieldsസോനമാർഗ്: വെയിലുണ്ടെങ്കിലും തണുപ്പിന്‍റെ കാഠിന്യം വിട്ടുപോയിട്ടില്ല. കശ്മീർ സോനമാർഗിലെ റോഡരികിൽ ബീഡിയും വലിച്ചിരിക്കുകയാണ് 40കാരനായ ഫറൂഖ് അഹ്മദ് ഭട്ട്. അവിടേക്ക് ഒരു കാർ കടന്നുവരികയും സമീപത്ത് നിർത്തുകയും ചെയ്തു. കാറിൽനിന്ന് ദമ്പതികൾ ഇറങ്ങി ചുറ്റും നോക്കി. ഉടൻ തന്നെ ഫറൂഖ് ബീഡി കളഞ്ഞ് ദമ്പതികളുടെ അടുത്തേക്കോടിയെത്തി. പിറകെ ഫാറൂഖിന്‍റെ മകനും. 'വരൂ കുതിരസവാരി ചെയ്യാം. ഇവിടത്തെ മനോഹരമായ സ്ഥലങ്ങൾ കാണിച്ചുനൽകാം'. ഫറൂഖിന്‍റെ വാക്കുകൾക്ക് ചെവികൊടുക്കാതെ ദമ്പതികൾ നടന്നുനീങ്ങി.
ഫറൂഖ് വീണ്ടും പഴയ ഇരിപ്പിടത്തിലേക്ക് തിരിച്ചെത്തി. യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ മകനൊപ്പം അവിടെയിരുന്നു. ഫറൂഖിനെയും മകനെയും മാത്രമല്ല, സോനമാർഗിൽ കുതിര സവാരിയിലൂടെ ഉപജീവനമാർഗം തേടുന്ന അനവധി പേരുടെ കഥയാണിത്. വിനോദസഞ്ചരികൾക്ക് നടന്നെത്താൻ കഴിയാത്ത സ്ഥലങ്ങൾ, വെള്ളച്ചാട്ടം തടാകം തുടങ്ങിയവ കാണിച്ചുനൽകുകയും ട്രക്കിങ്ങിന് സഹായിക്കുകയും ക്യാമ്പ് ഒരുക്കുകയുമെല്ലാമാണ് ഇവരുടെ തൊഴിൽ.
അമർനാഥ് യാത്ര സീസണായ ജൂലൈയാണ് ഇവരുടെ ചാകരമാസം. നിരവധി യാത്രക്കാർ എത്തുന്നതോടെ ഇവർക്ക് നല്ല വരുമാനവും ലഭിക്കും.
എന്നാൽ, 2019 മുതൽ വിവിധ കാരണങ്ങളാൽ അമർനാഥ് യാത്ര മുടങ്ങിയതോടെ പട്ടിണിയുടെ വക്കിലാണ് ഇവർ. 2019ൽ ആർട്ടിക്ക്ൾ 370യുമായി ബന്ധപ്പെട്ട സുരക്ഷ കാരണങ്ങളാൽ അമർനാഥ് യാത്ര മുടങ്ങി. 2020ലും 21ലും കോവിഡ് ആയിരുന്നു വില്ലൻ. ഇതോടെ കുതിരക്കാരായ 250ഓളം പേർ പട്ടിണിയിലുമായി.
ലോക്ഡൗണിൽ നേരിയ ഇളവുകൾ അനുവദിച്ചെങ്കിലും വിനോദ സഞ്ചാരമേഖലകളിലേക്ക് ആളുകൾ എത്താത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.
'മൂന്നുവർഷം മുമ്പ് യാത്രയുടെ സമയത്ത് ദിവസം 5000 രൂപയിലധികം ലഭിക്കുമായിരുന്നു. കൂടാതെ മറ്റു മാസങ്ങളിൽ സഞ്ചാരികളും ഇവിടേക്കെത്തും. ഇപ്പോൾ ഒരു മാസം 2000 രൂപപോലും തികച്ച് കൈയിൽ കിട്ടില്ല. കുതിരയെ പരിപാലിക്കുന്നതിന് ഉയർന്ന ചിലവും. കൂടാതെ കടവും. ചില ദിവസങ്ങളിൽ പട്ടിണിയായിരിക്കും' -ഫറൂഖ് പറയുന്നു. സോനമാർഗ് മാത്രമല്ല, രാജ്യം മുഴുവൻ പ്രതിസന്ധിലായതിനാലാണ് ഈ ഗതിയെന്നും അവർ പറയുന്നു.
ഫറൂഖിന് 10 വയസുള്ളപ്പോഴാണ് ആദ്യമായി കുതിര സവാരിക്കായി അമർനാഥ് ഗുഹക്ക് സമീപമെത്തുന്നത്. പിതാവിന്‍റെ നിർദേശപ്രകാരമായിരുന്നു അത്. ചെറുപ്പം മുതൽ കുതിരയെ കൈകാര്യം ചെയ്യാൻ അദ്ദേഹം മകനെ പഠിപ്പിച്ചു. 'ഇത് ഞങ്ങളുടെ കുടുംബ ബിസിനസാണ്. എന്‍റെ പിതാവാണ് ആദ്യം േസാനാമാർഗിൽ പരിശീലിപ്പിച്ചത്. അന്ന് എനിക്ക് എട്ട് -ഒമ്പത് വയസായിരുന്നു പ്രായം. പത്തുവയസായപ്പോൾ അദ്ദേഹം എന്നെ യാത്രക്ക് കൊണ്ടുപോകാനുള്ള സമയമായെന്ന് അറിയിച്ചു. അദ്ദേഹം എനിക്ക് വഴികാട്ടിയായി. ഒരു വർഷത്തോളം അദ്ദേഹം പല തന്ത്രങ്ങളും പഠിപ്പിച്ചുതന്നു. അടുത്തവർഷം മുതൽ എനിക്ക് ഒരു സ്വന്തമായി കുതിരയെ തന്നു. അതിൽ വിനോദ സഞ്ചാരികളുമായി പോയി. എന്‍റെ പിതാവ് എന്നെ പിന്തുടരും. ആദ്യം ഭയങ്കര പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. വഴി കഠിനമായിരുന്നുവെന്നതാണ് പ്രധാനം. മണ്ണിടിച്ചിലുണ്ടാകും. വലിയ പാറക്കൂട്ടങ്ങൾ വഴിയിലുണ്ടാകും. പിന്നീട് നില മെച്ചെപ്പട്ടു' -ഫറൂഖ് പറഞ്ഞു.
ഫറൂഖിന്‍റെ പിതാവിന് പ്രായമായതോടെ തൊഴിൽ ഉപേക്ഷിച്ചു. ഇപ്പോൾ 10 വയസുകാരൻ ഇമ്രാന് പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഫറൂഖ്.
'എങ്ങനെ കുതിരയെ മേയ്ക്കണമെന്ന് പഠിപ്പിച്ച് നൽകും. കൂടാതെ പല വഴികളും. അവൻ വളരെ ഉത്സാഹിയാണ്. ഈ വർഷം അമർനാഥ് യാത്രയിൽ അവനെ കൂെട കൂട്ടണമെന്ന് വിചാരിച്ചിരുന്നു. ഇനി അടുത്തവർഷമാകാം. അടുത്തവർഷം മുതൽ അവൻ സ്വതന്ത്രമായി തൊഴിലിലേക്ക് തിരിയും. അവന് കുടുംബത്തിലേക്ക് വരുമാനം നൽകാനും സാധിക്കും' -ഫറൂഖ് പറയുന്നു.
മകനെ സ്കൂളിൽ അയക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു ഫറൂഖിന്‍റെ മറുപടി. എന്‍റെ പിതാവ് ഈ തൊഴിൽ എനിക്ക് കൈമാറി. ഞാൻ എന്‍റെ മകനും. ഇപ്പോൾ വളരെ ദാരിദ്ര്യം നേരിടുന്നുണ്ട്. ഒറ്റക്ക് എനിക്ക് കുടുംബം പോറ്റാൻ കഴിയില്ല -ഫറൂഖ് പറയുന്നു.
മൂന്നുവർഷമായി കുതിര സവാരിയിൽനിന്ന് വരുമാനം ലഭിക്കാതെ വന്നതോടെ നിരവധിപേർ തൊഴിൽ ഉപേക്ഷിച്ച് മറ്റു ജോലികൾ തേടിപ്പോയിരുന്നു. ചിലർ കൃഷിയിലേക്കായിരുന്നുവെങ്കിൽ മറ്റു ചിലർ നിർമാണ മേഖലയിലേക്കായിരുന്നു.
പട്ടിണിയായതോടെയാണ് മറ്റു തൊഴിലുകൾ തേടി പോയതെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം അമർനാഥ് യാത്ര അടുത്ത വർഷം മുതൽ ആരംഭിക്കുമെന്നും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളയുന്നതോടെ വിനോദ സഞ്ചാരികളെത്തുമെന്നും പ്രതീക്ഷിച്ച് ജീവിതം തള്ളി നീക്കുകയാണ് ഫറൂഖിനെപ്പോലുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.