കേണൽ മൻപ്രീത് സിങ്ങിന് സൈനിക വേഷത്തിലെത്തിയ മകന്‍റെ സല്യൂട്ട്, ‘ജയ് ഹിന്ദ് പപ്പ’ -കണ്ണ് നനയിക്കുന്ന വിഡിയോ
text_fieldsചണ്ഡിഗഢ്/ പാനിപ്പത്ത്: സൈനികസമാന വേഷത്തിൽ പതറാത്ത ചുവടുകളോടെയെത്തി, പിതാവിന്റെ ഭൗതികശരീരത്തിനു സല്യൂട്ട് നൽകി ആറുവയസ്സുകാരൻ കബീർ ഇടറാത്ത ശബ്ദത്തിൽ ഉറച്ചു വിളിച്ചു, ‘ജയ് ഹിന്ദ് പപ്പ...’ കശ്മീർ താഴ്വരയിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങിന്റെ ത്രിവർണത്തിൽ പൊതിഞ്ഞ ഭൗതികശരീരത്തിനു മുന്നിൽ അന്തിമോപചാരമർപ്പിച്ച മകൻ കബീറിന്റെ ദൃശ്യം കണ്ടുനിന്നവരുടെ കണ്ണു നനയിക്കുന്നതായിരുന്നു.
പഞ്ചാബിലെ മൊഹാലി ജില്ലയിൽ ഭറൗൻജിയാനിലെ വീട്ടിൽ ആശ്വാസവാക്കുകൾ അപ്രസക്തമായ അന്തരീക്ഷത്തിൽ മൻപ്രീതിന്റെ മാതാവിന്റെയും പത്നിയുടെയും ദുഃഖത്തിൽ പങ്കുചേരാൻ വെള്ളിയാഴ്ച രാവിലെ മുതൽ ആളുകൾ എത്തിയിരുന്നു. മുതിർന്ന കുടുംബാംഗങ്ങൾ പ്രിയപ്പെട്ടയാൾക്ക് അന്തിമോപചാരമർപ്പിക്കുമ്പോൾ കൊച്ചു കബീറിനെ ഒരു സൈനിക ഉദ്യോഗസ്ഥൻ കൈപിടിച്ചു നിൽക്കുകയായിരുന്നു.
ഒരു ബന്ധുവിന്റെ കൈയിലായിരുന്നു കേണലിന്റെ രണ്ടു വയസ്സുകാരി മകൾ ബണ്ണി. സമ്പൂർണ സൈനിക ബഹുമതികളോടെ നടന്ന അന്തിമോപചാര ചടങ്ങിൽ പഞ്ചാബ് ഗവർണർ ബൻവിലാൽ പുരോഹിത്, പഞ്ചാബ് മന്ത്രിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായിരുന്ന, മൻപ്രീത് സിങ്ങിന്റെ പിതാവ് ഒമ്പതു വർഷം മുമ്പ് മരിച്ചതാണ്.
ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച മറ്റൊരു ഉദ്യോഗസ്ഥൻ മേജർ ആശിഷ് ധോൻചകിന്റെ ഭൗതികശരീരം ഹരിയാനയിലെ പാനിപ്പത്തിൽ സമ്പൂർണ ബഹുമതികളോടെ സംസ്കരിച്ചു.
വെള്ളിയാഴ്ച രാവിലെ സൈനിക വാഹനത്തിൽ ബിൻജോൾ ഗ്രാമത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. വാടകവീട്ടിൽ കഴിയുന്ന മേജർ ധോൻചക്കും കുടുംബവും വരുന്ന ഒക്ടോബറിൽ പുതിയ വീട്ടിലേക്ക് മാറാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയും രണ്ടു വയസ്സുള്ള മകളും മൂന്നു സഹോദരിമാരുമടങ്ങിയ ധോൻചകിന്റെ കുടുംബത്തിന്റെ നഷ്ടം പറഞ്ഞറിയിക്കാനാകാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.