കുഞ്ഞിന്റെ ചെലവിന് സൂചന സേത് പ്രതിമാസം ആവശ്യപ്പെട്ടത് രണ്ടര ലക്ഷം രൂപ
text_fieldsബംഗളൂരു: നാലുവയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവത്തിലെ പ്രതി സുചന സേത്, മകന്റെ ചെലവിലേക്ക് ഭർത്താവിൽനിന്ന് ആവശ്യപ്പെട്ടത് പ്രതിമാസം രണ്ടര ലക്ഷം രൂപ. ഭർത്താവ് പി.ആർ. വെങ്കടരാമനുമായുള്ള വിവാഹമോചന ഹരജിയിലാണ് സുചന ഈ ആവശ്യം ഉന്നയിച്ചത്. വെങ്കടരാമന്റെ പ്രതിമാസ ശമ്പളം ഒമ്പതു ലക്ഷം രൂപയാണെന്നും കുഞ്ഞിന്റെ ചെലവിലേക്ക് രണ്ടര ലക്ഷം വീതം ലഭിക്കണമെന്നുമാണ് ഇവർ ആവശ്യമുന്നയിച്ചത്.
ഈ കേസിൽ ജനുവരി 29ന് ബംഗളൂരുവിലെ കോടതി ഹരജി പരിഗണിക്കാനിരിക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം. 2019 ആഗസ്റ്റ് 14നാണ് ഇവർക്ക് ചിന്മയ് എന്ന ആൺകുഞ്ഞ് ജനിക്കുന്നത്. ഗാർഹിക പീഡനം ആരോപിച്ച് 2022 ആഗസ്റ്റ് എട്ടിന് സുചന സേത് ബംഗളൂരു കോടതിയിൽ ഹരജി നൽകി.
വീട്ടിനുള്ളിലെ പീഡനം ഭയന്ന് മാർച്ച് 2021 മുതൽ തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നതെന്നും പ്രസവ സമയത്ത് ഭർത്താവിൽനിന്ന് ശ്രദ്ധ ലഭിച്ചില്ലെന്നും സുചന ഹരജിയിൽ ആരോപിച്ചു.
ഈ ആരോപണങ്ങൾക്ക് തെളിവായി ഭർത്താവുമായുള്ള വാട്സ്ആപ് സന്ദേശങ്ങളുടെയും ചിത്രങ്ങളുടെയും മെഡിക്കൽ രേഖകളുടെയും പകർപ്പുകളും കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാർഹികപീഡനം നടന്നതായി കോടതി ശരിവെച്ചത്.
തുടർന്ന്, വെങ്കടരാമനെ സുചനയുടെ വീട്ടിൽ പ്രവേശിക്കുന്നതിൽനിന്ന് കോടതി വിലക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 23ന് ഹരജി വീണ്ടും പരിഗണിക്കവെ, ഹരജിയിൽ അന്തിമവിധി വരുന്നതുവരെ കുഞ്ഞിന്റെ താൽക്കാലിക ചെലവിലേക്കായി പിതാവ് 20,000 രൂപ പ്രതിമാസം നൽകാനും കോടതി നിർദേശിച്ചു.
എന്നാൽ ഈ കേസിൽ ഏറ്റവുമൊടുവിലെ ഉത്തരവുപ്രകാരം, വെങ്കടരാമന് എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ കുട്ടിയെ കാണാനും കുട്ടിയുമായി വിഡിയോ കാളിൽ സംസാരിക്കാനും അനുമതി നൽകിയിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സുചന ഗോവ പൊലീസിന് നൽകിയ മൊഴി.
കൊൽക്കത്ത സർവകലാശാലയിൽനിന്ന് ആസ്ട്രോ ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ സുചന പിന്നീട്, 2008ൽ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെല്ലോയായിരുന്നു. ഈ കാലത്താണ് സഹ ഗവേഷകനായിരുന്ന വെങ്കടരാമനുമായി സൗഹൃദത്തിലാകുന്നത്.
2010ൽ ഇരുവരും വിവാഹിതരായി. 2017-18 വർഷങ്ങളിൽ സുചന സേത്, ഹാർവാഡ് സർവകലാശാലയിലെ ബെർക്മാൻ ക്ലീൻ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റിയിൽ ഫെല്ലോയായും പ്രവർത്തിച്ചിരുന്നു.
യു.എസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് രംഗത്ത് പ്രവർത്തിച്ച അവർ നാചുറൽ ലാംഗ്വേജ് പ്രൊസസിങ്ങിൽ പേറ്റന്റും കൈവശമാക്കിയിട്ടുണ്ട്. എ.ഐ എത്തിക്സ് അഡ്വൈസറി ആൻഡ് ഓഡിറ്റ്സ്, റെസ്പോൺസിബ്ൾ എ.ഐ സ്ട്രാറ്റജി മേഖലയിൽ സുചന സേത് വിദഗ്ധയായിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിക്സ് മേഖലയിൽ 2021ലെ 100 മികച്ച വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് സുചന. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കിയ വെങ്കടരാമൻ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയതായാണ് അദ്ദേഹത്തിന്റെ പ്രഫൈലിലെ വിവരം.
മകനെ കൊലപ്പെടുത്തി കഷണങ്ങളാക്കി പെട്ടിയിലാക്കിയശേഷം കാറിൽ ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചിത്രദുർഗ ഹിരിയൂരിലെ അയമംഗലയിൽ വെച്ചാണ് സുചന സേത് അറസ്റ്റിലായത്.
യുവതിക്കെതിരെ ഐ.പി.സി 302 (കൊലപാതകം), 201 തെളിവു നശിപ്പിക്കൽ വകുപ്പുകൾക്കു പുറമെ, ഗോവ ചിൽഡ്രൻസ് ആക്ട് പ്രകാരവും കേസെടുത്ത ഗോവ പൊലീസ് മപുസ കോടതിയിൽ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.