'സോറി, കൊറോണ വാക്സിനാണെന്ന് അറിഞ്ഞിരുന്നില്ല'; മോഷ്ടിച്ച വാക്സിൻ തിരിച്ചേൽപ്പിച്ച് 'നല്ലവനായ' കള്ളൻ
text_fieldsഛണ്ഡീഗഡ്: രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഹരിയാനയിൽനിന്ന് ആ വാർത്തവന്നത്. ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വാക്സിൻ ഡോസുകളും മോഷണം പോയി. വ്യാഴാഴ്ചയാണ് ഹരിയാനയിലെ ജിന്ദ് ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്ന് 1700 ഡോസ് കോവിഷീൽഡ്, കോവാക്സിനുകൾ മോഷണം പോയത്. എന്നാൽ മോഷ്ടിച്ച മുഴുവൻ ഡോസ് വാക്സിനുകളും തിരിച്ചേൽപ്പിച്ചിരിക്കുകയാണ് 'നല്ലവനായ' മോഷ്ടാവ്.
വാക്സിൻ തിരിച്ചേൽപ്പിച്ചതിനൊപ്പം ഒരു കുറിപ്പും അതിൽ വെച്ചിരുന്നു 'മാപ്പ്, ഇത് കൊറോണ മരുന്നാണെന്ന് അറിഞ്ഞിരുന്നില്ല'. വാക്സിനുകൾ സൂക്ഷിച്ചിരുന്ന ബാഗിന്‍റെ അകത്തായിരുന്നു ഹിന്ദിയിൽ എഴുതിയ കുറിപ്പ്.
വ്യാഴാഴ്ച ഉച്ചയോടെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷന് പുറത്തെ ചായക്കടയിൽ മോഷ്ടാവ് ബാഗ് ഏൽപ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നൽകാനുള്ള ഭക്ഷണമാണെന്നും അത്യാവശ്യമായി മറ്റൊരു േജാലിയുള്ളതിനാൽ സ്റ്റേഷനിൽ ഏൽപ്പിക്കാൻ നിർദേശിച്ച ശേഷം കടന്നുകളയുകയായിരുന്നു.
തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മോഷണം പോയ വാക്സിനാണെന്ന് തിരിച്ചറിഞ്ഞത്. അത്യാസന്ന നിലയിലായ രോഗികൾക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വാക്സിനാണെന്ന് കരുതി പ്രതിരോധ മരുന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാക്സിൻ കവർന്നെങ്കിലും സ്റ്റോർ മുറിയിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ മോഷ്ടാവ് കവർന്നിരുന്നില്ല. മോഷ്ടാവിനെ തിരിച്ചറിഞ്ഞതായും ജിന്ദ് ജനറൽ ആശുപത്രിയിലെ സ്റ്റോർ മുറിയിൽ മോഷണം നടത്തിയതിന് കേസെടുത്തതായും പൊലീസ് പറഞ്ഞു.
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് വാക്സിനുകൾ മോഷണം പോയത്. കോവിഡ് വാക്സിൻ ദൗർലഭ്യം തുടരുന്നതിന്റെയും പാഴാക്കുന്നതിന്‍റെയും നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് സംഭവം. വാക്സിൻ പാഴാക്കുന്നതിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമാണ് ഹരിയാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.