അക്രമത്തോടും അസഹിഷ്ണുതയോടും വിടപറയൂ –പ്രണബ്
text_fieldsന്യൂഡൽഹി: അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ ശക്തമായ സന്ദേശം നൽകി രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിടവാങ്ങൽ പ്രസംഗം. പൊതുവ്യവഹാരങ്ങളെ വാക്കാലും ശാരീരികവുമായ അക്രമങ്ങളിൽനിന്ന് മുക്തമാക്കണമെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. സഹിഷ്ണുതയിൽനിന്നാണ് രാജ്യം കരുത്തുനേടുന്നത് എന്ന കാര്യം ഉറപ്പുവരുത്തണം. സഹാനുഭൂതിയും അനുതാപവും പ്രകടിപ്പിക്കാനുള്ള ശേഷിയാകണം സംസ്കാരത്തിെൻറ ആധാരശിലയെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
ദിനമെന്നോണം അക്രമം കൂടിവരുകയാണ്. ഇരുട്ടും ഭയവും അവിശ്വാസവുമാണ് അക്രമത്തിനു പിറകിൽ. അക്രമരഹിതമായ ഒരു സമൂഹത്തിനേ ജനാധിപത്യത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരടക്കമുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാകൂ. ഇന്ത്യയുടെ ആത്മാവ് നാനാത്വത്തിലും സഹിഷ്ണുതയിലുമാണ് ഉൗന്നുന്നത്. നമ്മുടെ രാജ്യം ഭൂമിശാസ്ത്രപരമായ സ്വത്വം മാത്രമല്ല. ആശയങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും ബൗദ്ധികതയുടെയും പരിചയസമ്പത്തിെൻറയുമെല്ലാം ചരിത്രം അത് പേറുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ആശയങ്ങളുടെ സ്വാംശീകരണത്തിലൂടെയാണ് നാനാത്വം നിലനിൽക്കുന്നത്. സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഷകളുടെയും വൈവിധ്യമാണ് ഇന്ത്യയെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെ വിരുദ്ധ നിലപാടുകളെ തള്ളിക്കളയേണ്ടതില്ല.
‘‘നമുക്ക് തർക്കിക്കാം, യോജിക്കുകയോ വിയോജിക്കുകയോ ആകാം... ഒരു കാര്യം മാത്രം ഒാർക്കുക, വിഭിന്ന അഭിപ്രായങ്ങളുടെ അനിവാര്യമായ നിലനിൽപിനെ നിഷേധിച്ചുകൊണ്ടാകരുത് ഇൗ തർക്കങ്ങൾ.’’ ഇത് മറന്നാൽ നമ്മുടെ ചിന്താപ്രക്രിയയുടെ അടിസ്ഥാനംതന്നെ ഇല്ലാതാകുമെന്ന് പ്രണബ് ഒാർമിപ്പിച്ചു. പാവങ്ങളായിരിക്കണം നമ്മുടെ മുന്നേറ്റങ്ങളുടെ ഉൗന്നൽ എന്ന് മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ട്. പാവങ്ങളെ സാമ്പത്തികമായി ഉൾക്കൊള്ളേണ്ടതുണ്ട്. നമ്മുടെ നയങ്ങളുടെ സദ്ഫലം ഏറ്റവും ഒടുവിലത്തെ ആളിൽവരെ എത്തിച്ചേരണം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിൽ ഉയർത്തിക്കൊണ്ടുവരണമെന്ന് പ്രണബ് പറഞ്ഞു. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ഒാർമിപ്പിച്ച അദ്ദേഹം, ആർത്തി ആവശ്യത്തെ കീഴടക്കുേമ്പാൾ പ്രകൃതി ഉന്മാദത്തിന് അടിമപ്പെടുന്നുവെന്ന് പറഞ്ഞു.
മണ്ണിെൻറ ആരോഗ്യം വീണ്ടെടുക്കാൻ ശാസ്ത്രജ്ഞരും സാേങ്കതിക വിദഗ്ധരും കൃഷിക്കാർക്കും തൊഴിലാളികൾക്കുമൊപ്പം ചേരണം. സന്തോഷകരമായ ജീവിതം ഏതൊരാളുടെയും അവകാശമാണ്. മികച്ച ഭരണത്തിലൂടെയും ഏവരെയും സാമൂഹികമായി ഉൾക്കൊള്ളുന്നതിലൂടെയും ദാരിദ്ര്യനിർമാർജനത്തിലൂടെയും മാത്രമേ ഇത് സാക്ഷാത്കരിക്കാനാകൂ. ‘‘ഇനി നമുക്ക് മറ്റൊരു അവസരം ലഭിക്കണമെന്നില്ല, അതുകൊണ്ട് ഭാവിക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്’’ എന്ന ഒാർമപ്പെടുത്തലോടെയാണ് പ്രണബ് വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.