അനധികൃതമായി ഭൂമി അനുവദിച്ചു; സൗരവ് ഗാംഗുലിക്കും സർക്കാറിനും പിഴ
text_fieldsകൊൽക്കത്ത: ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്കും ബംഗാൾ സർക്കാറിനും കൽക്കട്ട ഹൈകോടതി പിഴ ചുമത്തി. ന്യൂടൗൺ പ്രദേശത്ത് ഗാംഗുലിക്ക് സ്കൂൾ നിർമിക്കാനായി പശ്ചിമ ബംഗാൾ സർക്കാറും വെസ്റ്റ് ബംഗാൾ ഹൗസിങ് ഇൻഫ്രസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപറേഷനും അനധികൃതമായി ഭൂമി അനുവദിച്ചുവെന്ന് കാണിച്ചാണ് വിധി.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനായ ഗാംഗുലി 10,000 രൂപയും സംസ്ഥാന സർക്കാറും വെസ്റ്റ് ബംഗാൾ ഹൗസിങ് ഇൻഫ്രസ്ട്രെക്ചർ ഡെവലപ്മെന്റ് കോർപറേഷനും അരലക്ഷം രൂപ വീതവുമാണ് പിഴ ഒടുക്കേണ്ടത്. നാലാഴ്ചക്കകം തുക വെസ്റ്റ് ബംഗാൾ ലീഗൽ സർവീസ് അതോറിറ്റിയിൽ നിക്ഷേപിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലും ജ. അർജിത് ബാനർജിയുമടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചു.
കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് സർക്കാർ തുക ഈടാക്കണമെന്ന് കോടതി നിർദേശിച്ചു. ഭൂമി തിരികെ നൽകിയെങ്കിലും സുപ്രീം കോടതി നിർദ്ദേശിച്ച നിയമത്തിന് വിരുദ്ധമായി അധികാര ദുർവിനിയോഗത്തിലൂടെ വ്യവഹാരങ്ങൾ നടത്തിയതിനാണ് പിഴ വിധിച്ചതെന്ന് കോടതി പറഞ്ഞു.
ഭൂമി അനുവദിക്കുന്നത് സുപ്രീം കോടതി റദ്ദാക്കിയ വിധി പരിഗണിച്ച് ഗാംഗുലി എജ്യുക്കേഷൻ ആൻഡ് വെൽഫയർ സൊസൈറ്റി നിയമാനുസൃതമായി പ്രവർത്തിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. ന്യൂടൗണിൽ ഗാംഗുലിക്ക് രണ്ടേക്കർ ഭൂമി അനുവദിച്ചതിനെ ചോദ്യം ചെയ്ത് 2016ൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി വാദം കേട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.