ബി.എസ്.പിക്ക് െഎക്യദാർഢ്യം; രാജ്യസഭ വിജയത്തിൽ ആഘോഷം ഒഴിവാക്കി എസ്.പി
text_fieldsലഖ്നോ: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒപ്പം മത്സരിച്ച ബി.എസ്.പി സ്ഥാനാർഥി തോറ്റതിൽ െഎക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി (എസ്.പി) വിജയാഘോഷം വേണ്ടെന്നുവെച്ചു. എസ്.പിയുടെ സ്ഥാനാർഥി ജയ ബച്ചൻ വിജയിച്ചപ്പോൾ ബി.എസ്.പിയുടെ ഏക സ്ഥാനാർഥി ഭീംറാവു അംബേദ്കറാണ് പരാജയപ്പെട്ടത്. എസ്.പിയുടെ എല്ലാ വോട്ടുകളും തങ്ങൾക്ക് ലഭിച്ചുവെന്നും എന്നാൽ, ബി.ജെ.പിയുടെ അധികാര ദുർവിനിയോഗമാണ് പരാജയത്തിന് കാരണമെന്നും ബി.എസ്.പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര പറഞ്ഞു. എന്നാൽ, എസ്.പിയുമായി സഖ്യം തുടരുമോയെന്നതിൽ അന്തിമ തീരുമാനം മായാവതിയുടേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിെൻറ നിർദേശപ്രകാരമാണ് വിജയാഘോഷം വേണ്ടെന്നു വെച്ചതെന്ന് എസ്.പി വക്താവ് സുനിൽ സിങ് സാജൻ പറഞ്ഞു. അഖിലേഷ് അടക്കം മുതിർന്ന നേതാക്കൾ പരിപാടിയിൽ പെങ്കടുക്കാനിരുന്നതാണ്. എന്നാൽ, തങ്ങൾ പിന്തുണച്ച സ്ഥാനാർഥി തോറ്റ സാഹചര്യത്തിൽ ആഘോഷത്തിന് പ്രസക്തിയില്ലെന്ന് കണ്ടതിനാലാണ് പരിപാടി മാറ്റിയത്. ബി.ജെ.പി കളിച്ചില്ലായിരുന്നെങ്കിൽ ബി.എസ്.പി സ്ഥാനാർഥി അനായാസം ജയിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോരഖ്പുർ -ഫുൽപുർ ലോക്സഭ മണ്ഡലങ്ങളിൽ ബി.എസ്.പി പിന്തുണയോടെ നേടിയ ആവേശകരമായ വിജയത്തിനു പിന്നാലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥിയെ വിജയിപ്പിക്കുമെന്ന് എസ്.പി പ്രഖ്യാപിച്ചിരുന്നു.
വിശ്വസ്തരായ എം.എൽ.എമാരോട് അംബേദ്കർക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ, കൂറുമാറ്റത്തെ തുടർന്ന് ബി.എസ്.പി സ്ഥാനാർഥി തോൽക്കുകയായിരുന്നു. എസ്.പി അവരുടെ അവസരവാദ മുഖം കാണിച്ചുവെന്നായിരുന്നു ഇതേപ്പറ്റി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രതികരണം. അവർ വോട്ട് വാങ്ങി, പക്ഷേ തിരിച്ചുകൊടുത്തില്ല എന്ന് ഗോരഖ്പുർ -ഫുൽപുർ മണ്ഡലങ്ങളെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ മറ്റെല്ലായിടങ്ങളിലും ജയിലിലുള്ള എം.എൽ.എമാരെ വോട്ട് ചെയ്യാൻ അനുവദിച്ചപ്പോൾ ബി.എസ്.പിയുടെ മുഖ്താർ അൻസാരിയെയും എസ്.പിയുടെ ഹരി ഒാം യാദവിനെയും വോട്ട് ചെയ്യാൻ ബി.ജെ.പി സർക്കാർ അനുവദിച്ചില്ലെന്ന് ബി.എസ്.പി നേതാവ് സതീഷ് മിശ്ര ആരോപിച്ചു.
തങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്യാനിരുന്ന മറ്റ് പാർട്ടികളിലെ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി. ഇതടക്കം നിരവധി കൃത്രിമങ്ങളും തെരഞ്ഞെടുപ്പിൽ അരങ്ങേറിയെന്ന് അദ്ദേഹം ആരോപിച്ചു. യു.പിയിൽ രാജ്യസഭയിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ ബി.ജെ.പിയുടെ ഒമ്പത് സ്ഥാനാർഥികളും വിജയം കണ്ടിരുന്നു. പത്താമതായാണ് എസ്.പിയുടെ ജയ ബച്ചൻ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.