വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റാനാണ് ബി.ജെ.പി പദ്ധതിയിടുന്നത് -അഖിലേഷ് യാദവ്
text_fieldsലഖ്നോ: വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിൽ ബി.ജെ.പി ഒരു സീറ്റും നേടില്ലെന്നും സമാജ്‌വാദി പാർട്ടിക്ക് നേട്ടമുണ്ടാകുമെന്നും സംഭാലിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.
"സംഭാലിലെ ജനങ്ങൾ ബി.ജെ.പിക്ക് വലിയ പരാജയം നൽകും. ബി.ജെ.പി ഇപ്പോൾ അവരുടെ ഭാഷ മാറ്റിയിരുക്കുന്നു. ഇപ്പോൾ അവർക്ക് പരാജയപ്പെടുന്നവരുടെ ഭാഷയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കേൾക്കേണ്ടത് മൻ കി ബാത്തല്ല, ഭരണഘടനയെ കുറിച്ചാണ്. വോട്ട് ചെയ്യാനുള്ള അവകാശം നഷ്‌ടപ്പെടുമെന്നതിനാൽ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പോകുന്നു" - അഖിലേഷ് യാദവ് പറഞ്ഞു.
ഭരണഘടന ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരും ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മാറ്റാൻ ശ്രമിക്കുന്നവരെ പൊതുജനം മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പി കർഷകരെ അവഹേളിച്ചെന്നും അദ്ദേഹം ആരേപിച്ചു. ഇൻഡ്യ മുന്നണി സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും വിളകൾക്ക് ഞങ്ങൾ എം.എസ്.പി നൽകുമെന്നും അഖിലേഷ് യാദവ് ഉറപ്പ് നൽകി.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ യുവാക്കൾക്ക് ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും എന്നാൽ എല്ലാ റിക്രൂട്ട്‌മെന്‍റ് പരീക്ഷയുടെയും പേപ്പറുകൾ ചോർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരേപിച്ചു. ബി.ജെ.പി സർക്കാർ കരസേനയിലെ സ്ഥിരം റിക്രൂട്ട്‌മെന്‍റ് നിർത്തലാക്കിയെന്നും അഗ്നിവീർ പദ്ധതി അവതരിപ്പിച്ച് നാല് വർഷത്തെ ജോലിയാക്കി മാറ്റിയെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.