യു.പി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. അസംഗഢിൽ നിന്നുള്ള ലോക്സഭാംഗവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി ഉയർത്തിക്കാണിക്കുന്ന മുഖവുമാണ് അഖിലേഷ്.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക് ദളുമായി (ആർ.എൽ.ഡി) സഖ്യത്തിലേർപ്പെടുമെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടുന്ന തിരക്കിലാണ് എസ്.പി. ഇതിന്‍റെ ഭാഗമായി ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി ധാരണയിലെത്തിയിരുന്നു.
ബന്ധുവായ ശിവ്പാൽ സിങ് യാദവിന്‍റെ പ്രഗതിശീൽ സമാജ്വാദി പാർട്ടി ലോഹിയയുമായി (പി.എസ്.പി.എൽ) സഖ്യം രൂപീകരിക്കുന്ന കാര്യം അദ്ദേഹം തള്ളുന്നില്ല. തനിക്ക് ഇതിൽ ഒരു പ്രശ്നവുമില്ലെന്നും ശിവ്പാൽ സിങ് യാദവിനെ അർഹമായ രീതിയിൽ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ അടുത്തിടെ ആറ് വിമത ബി.എസ്.പി എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും സമാജ്വാദി പാർട്ടിയിൽ ചേർന്നിരുന്നു. ലഖ്നോവിൽ നടന്ന പരിപാടിക്കിടെയാണ് ഏഴുപേരും എസ്.പിയിൽ ചേർന്നത്. ബി.എസ്.പിയിലെ ആറ് വിമത എം.എൽ.എമാരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. എസ്.പി അധ്യക്ഷന്‍റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാർട്ടി പ്രവേശനം.
സീതാപൂർ സദറിലെ ബി.ജെ.പി എം.എൽ.എയായ രാകേഷ് റാത്തോർ, ബി.എസ്.പി എം.എൽ.എമാരായ അസ്ലം റായ്നി, മുജ്താബ സിദ്ദിഖി, അസ്ലം അലി ചൗധരി, ഹക്കീം ലാൽ ബിന്ദ്, സുഷ്മ പേട്ടൽ, ഹർഗോവിന്ദ് ഭാർഗവ എന്നിവരാണ് എസ്.പിയിലെത്തിയത്.
കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയിലെ ഔദ്യോഗിക സ്ഥാനാർഥിയുടെ നോമിനേഷനെ ഇവർ എതിർത്തതിനെ തുടർന്ന് ആറുപേരെയും സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടി സസ്പെൻഡ് ചെയ്തതുമുതൽ എസ്.പി നേതാക്കളുമായി അടുത്ത ബന്ധം ഇവർ സ്ഥാപിച്ചിരുന്നു. കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽനിന്ന് എസ്.പിയിലേക്ക് എത്തുമെന്നാണ് വിവരം. രണ്ടു വിമത ബി.എസ്.പി നേതാക്കളും മുൻ യു.പി മന്ത്രിമാരുമായ ലാൽജി വർമ, രാമചന്ദ്ര രാജ്ബാർ എന്നിവർ നവംബർ ഏഴിന് എസ്.പിയിൽ ചേരുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.