‘ഇൻഡ്യ’ സ്ഥാനാർഥിയെ വീട്ടുതടങ്കലിലാക്കിയെന്ന്
text_fieldsലഖ്നോ: ശനിയാഴ്ച ആറാംഘട്ട വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശ് അംബേദ്കർ നഗർ മണ്ഡലത്തിലെ ഇൻഡ്യ സഖ്യ സ്ഥാനാർഥി ലാൽജി വർമയെ ബി.ജെ.പി ഭരണകൂടം വീട്ടുതടങ്കലിലാക്കിയതായി കോൺഗ്രസും സമാജ്വാദി പാർട്ടിയും ആരോപിച്ചു. സമാജ്വാദി പാർട്ടി നേതാവ് അരവിന്ദ് കുമാർ സിങ് ചീഫ് ഇലക്ടറൽ ഓഫിസർക്ക് ഇതുസംബന്ധിച്ച പരാതി നൽകി. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ജില്ല ഭരണകൂടം കൂട്ടുനിൽക്കുകയാണെന്നും പരാതിയിൽ ആരോപിച്ചു.
തോൽവി ഭയക്കുന്ന ബി.ജെ.പി പൊലീസിനെ ഉപയോഗിച്ച് വർമയുടെ വീട് റെയ്ഡ് ചെയ്തുവെന്നും പുറത്തിറങ്ങി വോട്ടർമാരെ കാണാൻ അനുവദിക്കുന്നില്ലെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഏകാധിപതിയുടെ ഭരണത്തിന് കീഴിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയുമാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഉറക്കംവിട്ടെഴുന്നേറ്റ് നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.