യു.പിയിൽ പ്രതീക്ഷയോടെ എസ്.പി- കോൺഗ്രസ് സഖ്യം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ബി.എസ്.പിയെ വിട്ട് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സമാജ്വാദി പാർട്ടിക്ക് (എസ്.പി) ഇത്തവണ പ്രതീക്ഷയേറെ. 2019ൽ എസ്.പി- ബി.എസ്.പി സഖ്യം 15 സീറ്റ് നേടിയിരുന്നു.
ബി.എസ്.പിയുടെ വോട്ട് ശതമാനം ഓരോ തെരഞ്ഞെടുപ്പിലും കുറയുന്നത് എസ്.പിക്ക് പ്രതീക്ഷയേകുന്നുണ്ട്. ബി.എസ്.പിയിലേക്ക് ചായുന്ന പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളിൽ അൽപം എസ്.പി- കോൺഗ്രസ് സഖ്യത്തിന് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ഇന്ത്യ സഖ്യവും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന പ്രധാന പോരാട്ടകേന്ദ്രമാണ് ഉത്തർപ്രദേശ്. ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണശാലയായ സംസ്ഥാനത്ത് രാമക്ഷേത്രവും ഗ്യാൻവാപിയുമെല്ലാം തെരഞ്ഞെടുപ്പ് വിഷയമാകും. രാമന്റെ അനുഗ്രഹത്താൽ 80ൽ 80 സീറ്റും നേടുമെന്ന് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും പ്രസ്താവനയിറക്കിയിട്ടുണ്ട്.
യു.പിയിൽ 2014ൽ എൻ.ഡി.എ നേടിയത് 73 സീറ്റായിരുന്നു. 2019ൽ ഇത് 64 ആയി കുറഞ്ഞിരുന്നു. 62 എണ്ണം ബി.ജെ.പിയും രണ്ടെണ്ണം അപ്ന ദളും (സോനെലാൽ) നേടി. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ 32 ശതമാനം വോട്ട് നേടിയ എസ്.പിക്ക് യു.പിയിൽ സ്വാധീനം പൂർണമായും നഷ്ടമായിട്ടില്ല. ജാതി രാഷ്ട്രീയത്തിന്റെ ശക്തിയറിയാവുന്ന ബി.ജെ.പി അപ്ന ദൾ, നിഷാദ് പാർട്ടി, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എന്നിവയുമായി സഖ്യം തുടരുന്നുണ്ട്. ഒപ്പം, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളുമായി കൈകോർത്ത് ജാട്ട്, ഗുജ്ജർ വോട്ടുകളും ലക്ഷ്യമിടുന്നു. കുർമി സമുദായക്കാർക്കിടയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് അപ്ന ദൾ.
കിഴക്കൻ യു.പിയിലും ബുന്ദേൽഖണ്ഡ് മേഖലയിലുമടക്കം 15 ജില്ലകളിലായി ആകെ ആറ് ശതമാനം വോട്ടർമാർ ഏറെ പിന്നാക്കമായ കുർമികളാണ്.
പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പി കഴിഞ്ഞതവണ നേടിയത് 23 സീറ്റാണ്. എസ്.പി -ബിഎസ്.പി സഖ്യത്തിന് നാല് സീറ്റുകൾ വീതം മാത്രമേ നേടാനായുള്ളൂ. ബുന്ദേൽഖണ്ഡ് മേഖലയിലെ നാല് സീറ്റും ബി.ജെ.പിക്കായിരുന്നു. നിലവിൽ 62 സീറ്റിലാണ് എസ്.പി മത്സരിക്കുന്നത്.
17 എണ്ണത്തിൽ കോൺഗ്രസും ഒരെണ്ണത്തിൽ തൃണമൂൽ കോൺഗ്രസും ഇൻഡ്യ സഖ്യമായി പോരാട്ടഭൂമിയിലുണ്ട്. അഖിലേഷിന്റെ കുടുംബത്തിൽനിന്ന് ഭാര്യയടക്കം നാല് പേർ രംഗത്തുണ്ട്. കനൗജിൽ അഖിലേഷ് തന്നെ ഇറങ്ങാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.