രാജ് താക്കറെ അയോധ്യ സന്ദർശനം മാറ്റിയത് ഭയന്നിട്ടെന്ന് എസ്.പി നേതാവ് അബു ആസ്മി
text_fieldsമുംബൈ: എം.എൻ.എസ്(മഹാരാഷ്ട്ര നവ നിർമാൺ സേന) നേതാവ് രാജ് താക്കറെ അയോധ്യ സന്ദർശനം മാറ്റി വെച്ചത് ഭയത്താലാണെന്ന് സമാജ് വാദി പാർടി നേതാവ് അബു ആസ്മി പറഞ്ഞു. സന്ദർശനം റദ്ദാക്കിയ കാരണമായി താക്കറെ പറഞ്ഞത് പെട്ടെന്ന് തീരുമാനിച്ച ശസ്ത്രക്രിയ ഉണ്ടെന്നാണ്. എന്നാൽ, ഇത് അയോധ്യ സന്ദർശനം മാറ്റിവെക്കാനുള്ള തന്ത്രമായാണ് അദ്ദേഹം ഉപയോഗിച്ചതെന്ന് മഹാരാഷ്ട്ര എസ്.പി തലവനായ ആസ്മി പൂനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താക്കറെയുടെ പാർടി മഹാരാഷ്ട്രയിലെ ഉത്തരേന്ത്യക്കാരോട് മുമ്പ് ചെയ്ത അക്രമങ്ങൾക്ക് വിദ്വേഷത്തോടെയുള്ള മറുപടിയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഉത്തർപ്രദേശ് ഹിന്ദുക്കൾക്ക് പുണ്യമായ സ്ഥലമാണ്. എന്നാൽ, മുൻകാലങ്ങളിൽ എം.എൻ.എസ് നടത്തിയ പ്രതിഷേധങ്ങളെല്ലാം ഉത്തരേന്ത്യക്കാരെ തല്ലുകയും അപമാനിക്കുന്നതുമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന് താക്കറെക്ക് പൂർണ ബോധ്യമുണ്ടെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ കാലം അവസാനിച്ചെന്നും ആസ്മി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ബി.ജെ.പി താക്കറെക്കൊപ്പമാണെന്ന് പറയുമ്പോഴും ഉത്തർപ്രദേശിലെ സ്ഥിതി വിപരീതമാണ്. യു.പിയിലെ ബി.ജെ.പി എം.പിയുടെ പ്രസ്താവന തന്നെ ഇതിന് തെളിവാണ്. താക്കറെയുടെ കാര്യത്തിൽ ബി.ജെ.പി നയം വ്യക്തമാക്കണം. താക്കറെ അയോധ്യ സന്ദർശിക്കണമെന്ന് രാമൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ജൂൺ ഒന്നിന് ഇടുപ്പെല്ലിന് ശസ്ത്രക്രിയ ഉണ്ടെന്നും അതിനാൽ തന്‍റെ അയോധ്യ സന്ദർശനം തൽകാലം മാറ്റിവെച്ചതായും കഴിഞ്ഞ ആഴ്ചയാണ് രാജ് താക്കറെ അറിയിച്ചത്. അതേസമയം, ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന താക്കറെയുടെ അയോധ്യ സന്ദർശനത്തെ യു.പിയിലെ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ചരൺസിങ് എതിർത്തതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.