യു.പി നിയമസഭ തെരഞ്ഞെടുപ്പ്; കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് സമാജ്വാദി പാർട്ടി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കർഷകരെ ലക്ഷ്യമിട്ട് സമാജ്വാധി പാർട്ടി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കർഷകർക്കും സ്ത്രീകൾക്കുമായി കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്താനാണ് പാർട്ടിയുടെ നീക്കം.
സമാജ്വാധി പെൻഷൻ യോജന വർധന, സൗജന്യ ലാപ്ടോപ്പുകൾ -സ്മാർട്ട് ഫോണുകൾ, വിദ്യാർഥികൾക്ക് സൗജന്യ ഡേറ്റ, സ്ത്രീകളുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്താൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്, തൊഴിൽ അവസരം തുടങ്ങിയവ 2022ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടും.
കർഷകർക്ക് പുറമെ സ്ത്രീകൾക്കും പ്രകടന പത്രികയിൽ പ്രധാന്യം നൽകും. കൂടാതെ തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയും വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ സമാജ്വാധി പാർട്ടി ഉപയോഗിക്കും.
ഒക്ടോബർ അവസാനത്തോടെ പ്രകടന പത്രികയുടെ അന്തിമ രൂപം തയാറാക്കാനാണ് പാർട്ടി നീക്കം. സൗജന്യ ലാപ്ടോപ്പിന് പുറമെ സ്മാർട്ട്േഫാണുകളും സൗജന്യ ഡേറ്റയും വിതരണം ചെയ്യുന്നതോടെ വിദ്യാർഥികളെയും യുവജനങ്ങളെയും ആകർഷിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
'സമാജ്വാദി പാർട്ടി സർക്കാർ തുടങ്ങിവെച്ച നിരവധി പദ്ധതികൾ ബി.ജെ.പി സർക്കാർ നിർത്തിവെച്ചു. സ്ത്രീശാക്തീകരണം, കർഷകർക്ക് ഉടൻ ആശ്വാസം നൽകുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ ലക്ഷ്യം' -സമാജ്വാദി വക്താവ് ജൂഹി സിങ് പറഞ്ഞു.
സംസ്ഥാനത്ത് വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് അഖിലേഷ് യാദവ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.