യോഗിയെ വിമർശിച്ച എം.എൽ.എയുടെ പെട്രോൾ പമ്പ് ബുൾഡോസറുകൾ ഇടിച്ചു നിരത്തി; രേഖകളില്ലെന്ന് വിശദീകരണം
text_fieldsഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച സമാജ്‍വാദി പാർട്ടി എം.എൽ.എ ഷാസിൽ ഇസ്‍ലാം അൻസാരിയുടെ പെട്രോൾ പമ്പ് ബുൾഡോസറുകൾ ഇടിച്ചു നിരത്തി. ആവശ്യമായ രേഖകളില്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്നതെന്ന് ആരോപിച്ചാണ് ബറേലി-ഡൽഹി ദേശീയ പാതയിലെ സ്ഥാപനം തകർത്തത്.
ബറേലി ഡവലപ്മെന്റ് അതോറിറ്റിയാണ് ബുൾഡോസറുപയോഗിച്ച് പമ്പ് ഇടിച്ചു നിരത്തിയത്. കഴിഞ്ഞയാഴ്ചയാണ് യോഗിയെ വിമർശിച്ചതിന് ഷാസിൽ ഇസ്‍ലാം അൻസാരിക്കെതിരെ പൊലീസ് കേസെടുത്തത്.
ഒരു പ്രസംഗത്തിൽ ഷാസിൽ ഇസ്‍ലാം അൻസാരി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ഹിന്ദു യുവവാഹിനി നൽകിയ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. ഉത്തർപ്രദേശ് നിയമസഭയിൽ ഇപ്പോൾ സമാജ്‍വാദി പാർട്ടിയുടെ ശക്തി വർധിച്ചിട്ടുണ്ടെന്നും യോഗി ബഹളം വെച്ചാൽ എസ്.പിയുടെ തോക്കുകളിൽ നിന്ന് പുക മാത്രമല്ല, ഉണ്ട തന്നെ വരുമെന്നുമായിരുന്നു ഷാസിൽ ഇസ്‍ലാമിന്റെ പ്രസംഗം. ഇതിനെതിരെയാണ് ഹിന്ദു യുവവാഹിനി നേതാവ് അനുജ് വെർമ പരാതി നൽകിയത്. യോഗിയെ ഭീഷണിപ്പെടുത്തിയതിനും കലാപമുണ്ടാക്കും വിധം പ്രകോപനമുണ്ടാക്കിയതിനുമെല്ലാമുള്ള വകുപ്പുകൾ ചേർത്താണ് ഷാസിലിനെതിരെ പൊലീസ് കേസെടുത്തത്.
തുടർന്നാണ് ഷാസിലിന്റെ പെട്രോൾ പമ്പ് തകർക്കാൻ ബുൾഡോസറെത്തിയത്. പെട്രോൾ പമ്പിന് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നെന്നും ബറേലി ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ ജോഗേന്ദ്ര സിങ് പറഞ്ഞു.
പൊലീസിന് പിടികൂടാനാകാത്തവരുടെ വീടുകൾ ഇടിച്ചു നിരത്താനും മറ്റും ബുൾഡോസറുകൾ രംഗത്തിറക്കി നേരത്തെ തന്നെ യോഗി സർക്കാർ വാർത്തകൾ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 'ബുൾഡോസർ ബാബ' എന്നാണ് സമാജ്‍വാദി പാർട്ടി യോഗി ആദിത്യനാഥിനെ വിളിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പണി തുടങ്ങാൻ ബുൾഡോസറുകൾ അറ്റകുറ്റപ്പണികളിലാണെന്നായിരുന്നു യോഗി അന്ന് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.