വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് സമാജ് വാദി പാർട്ടി വാൽമീകിയുടെയും അംബേദ്കറിന്റെയും ജന്മദിനം പോലും ആഘോഷിക്കാറുണ്ടായില്ല - യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താൽ സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോൾ മഹർഷി വാൽമീകിയുടെയും ബി.ആർ അംബേദ്കറിന്റെയും ജന്മദിനം സമാജ്‌വാദി പാർട്ടി ആഘോഷിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാൽമീകി ജയന്തി ദിനത്തിൽ കാൻപൂരിൽ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഇന്ന് നിങ്ങൾക്ക് ബാബാ സാഹെബ അംബേദ്കറിന്‍റെ ചിത്രങ്ങൾ എല്ലാ സർക്കാർ ഓഫീസുകളിലും കാണാമായിരുന്നു. എന്നാൽ സമാജ്വാദി പാർട്ടി സംസ്ഥാനം ഭരിച്ചിരുന്ന സമയത്ത് തിർവയിലെ മെഡിക്കൽ കോളേജിന്റെ പേര് മാറ്റുകയാണുണ്ടായതെന്നും യോഗി ആധിത്യനാഥ് പറഞ്ഞു.
"സമാജ് വാദിയുടെ ഗുണ്ടകൾ അംബേദകറിന്‍റെ പേരിലുള്ള ശിലാഫലകം തകർത്തു. മഹർഷി വാൽമീകി, ഭഗവാൻ വേദവ്യാസ്, ബാബാ സാഹിബ് ഭീംറാവു അംബേദ്കർ, സന്ത് രവിദാസ് എന്നിവരുടെ ജന്മദിനം ആഘോഷിക്കാൻ അവർ ഭയപ്പെട്ടു. ഇതിനൊക്കെ കാരണം വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമായിരുന്നു" - അദ്ദേഹം പറഞ്ഞു.
വാക്കുകളും പ്രവർത്തിയും തമ്മിൽ വൈരുധ്യമുള്ള ഇത്തരക്കാരെ ജനം ഭയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ഉത്തർപ്രദേശ് സാമൂഹ്യക്ഷേമ മന്ത്രി അസീം അരുൺ കനൗജ് മെഡിക്കൽ കോളേജിന്റെ പേര് അംബേദ്കറുടെ പേരിൽ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ മെഡിക്കൽ കോളേജിന് ഡോ. ഭീംറാവു മെഡിക്കൽ കോളേജ് എന്ന് പേരിട്ടിരുന്നു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോളേജിന് പുറത്ത് അംബേദ്കറുടെ പേരെഴുതിയ ശിലാഫലകം എസ്.പി ഗുണ്ടകൾ തകർത്തപ്പോൾ അവർ മെഡിക്കൽ കോളേജിന്റെ പേര് മാറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തും സംസ്ഥാനത്തും മികച്ച ജനജീവിതം ഉറപ്പാക്കുന്ന ഇരട്ട എഞ്ചിൻ സർക്കാരാണ് ബി.ജെ.പിയുടേത്. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ശുചീകരണ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരുകാലത്ത് രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായിരുന്നു കാൻപൂർ. സാമ്പത്തികമായി സമ്പന്നമായ മൂന്ന് നഗരങ്ങളിൽ ഒന്നായിരുന്നു ഇതെന്നും എന്നാൽ മുൻ സർക്കാരുകൾ സാമ്പത്തിക പുരോഗതി തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.