യു.പിയിൽ ഒമ്പത് സീറ്റുകളിലും എസ്.പി
text_fieldsന്യൂഡൽഹി: യു.പി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി സീറ്റ് വിഭജന ചർച്ച വഴിമുട്ടിയതോടെ ഒമ്പത് സീറ്റിലും സമാജ്വാദി പാർട്ടി (എസ്.പി) മത്സരിക്കും. അഞ്ച് സീറ്റുവരെ ആവശ്യപ്പെട്ട കോൺഗ്രസിന് രണ്ടെണ്ണം നൽകാമെന്നായിരുന്നു എസ്.പി വാഗ്ദാനം. ആ രണ്ട് സീറ്റും ബി.ജെ.പി ശക്തികേന്ദ്രങ്ങളായിരുന്നുതാനും. അതിനാൽ രണ്ട് സീറ്റിൽ മാത്രം മത്സരിക്കേണ്ടതില്ലെന്നും പകരം എസ്.പി സ്ഥാനാർഥികളെ പിന്തുണക്കാമെന്നും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
സീറ്റ് പങ്കുവെക്കലിനപ്പുറം മുഴുവൻ സീറ്റിലും ഇൻഡ്യ മുന്നണിയെ വിജയിപ്പിക്കാനാണ് പാർട്ടി പരിശ്രമിക്കുന്നതെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ഒമ്പത് സീറ്റിലും ഇൻഡ്യ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും. വിജയത്തിനായി കോൺഗ്രസും എസ്.പിയും തോളോടുതോൾ ചേർന്ന് പോരാടും. ഇൻഡ്യ മുന്നണി പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ്. ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയാണ് ഈ പോരാട്ടം. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കുൾപ്പെടെ എല്ലാവർക്കും മാന്യമായി ജീവിക്കാൻ അവസരമുണ്ടാക്കലാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അഖിലേഷ് എക്സിൽ കുറിച്ചു.
സീറ്റ് വിഭജന ചർച്ച വിജയിച്ചില്ലെങ്കിലും സംസ്ഥാനത്ത് ഇൻഡ്യ മുന്നണി തകരാതിരിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഒരു സീറ്റിലും മത്സരിക്കുന്നില്ലെന്നും എല്ലായിടത്തും എസ്.പിക്ക് പിന്തുണ നൽകുമെന്നും വ്യാഴാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞു.
യു.പിയിൽ മുന്നണി ശക്തമാണ്. എസ്.പി വാഗ്ദാനം ചെയ്യുന്ന രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നില്ല. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
ആറ് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്.പി നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. മൂന്ന് സീറ്റിൽ കൂടി ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ബി.ജെ.പി ഏഴ് സീറ്റിൽ സ്ഥാനാർഥികളെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. നവംബർ 13നാണ് യു.പിയിലെ ഉപതെരഞ്ഞെടുപ്പ്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ അഞ്ച് സീറ്റിലും എസ്.പിക്കായിരുന്നു വിജയം. ഒരു സീറ്റിൽ എസ്.പി സഖ്യത്തിലുണ്ടായിരുന്ന ആർ.എൽ.ഡിയും ജയിച്ചു. ആർ.എൽ.ഡി പിന്നീട് എൻ.ഡി.എ സഖ്യത്തിലേക്ക് കൂടുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.