സമാജ്‍വാദി പാർട്ടി മുസ്‍ലിംകളെ ബിരിയാണിയിലെ കറിവേപ്പില കണക്കെ ഉപയോഗിക്കുന്നു -യു.പി ഉപമുഖ്യമന്ത്രി
text_fieldsലഖ്‌നോ: സമാജ്‌വാദി പാർട്ടി സർക്കാർ മുസ്ലീം സമുദായത്തെ ബിരിയാണിയിലെ കറിവേപ്പില പോലെ ഉപയോഗിക്കുകയാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. പസ്മന്ദ മുസ്ലിംകളെ ബി.ജെ.പിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.
ശനിയാഴ്ച വൈകുന്നേരം രാംപൂരിൽ പസ്മന്ദ സമുദായത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പഥക് പറഞ്ഞു -"കോൺഗ്രസും എസ്.പിയും ബി.എസ്.പിയും വോട്ട് നേടുന്നതിനായി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ തെറ്റായ പ്രചാരണങ്ങൾ നടത്തി. വിഭവം പാകം ചെയ്ത ശേഷം വലിച്ചെറിയുന്ന ബിരിയാണിയിലെ കറിവേപ്പില പോലെയാണ് കഴിഞ്ഞ സർക്കാർ നിങ്ങളെ ഉപയോഗിച്ചത്''. എസ്.പി നേതാവ് അഅ്സം ഖാന്റെ കോട്ടയായ രാംപൂർ സീറ്റ് അഅ്സം എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വോട്ട് നേടുന്നതിന് വേണ്ടി മാത്രമാണ് പ്രതിപക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ആഴത്തിലുള്ള ഭിന്നത സൃഷ്ടിച്ചതെന്നും പഥക് പറഞ്ഞു. പസ്മന്ദ സമുദായത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്താത്ത ഒരു തീരുമാനവും ബി.ജെ.പി സർക്കാർ എടുത്തിട്ടില്ല. ബി.ജെ.പി സർക്കാരിന്റെ എല്ലാ പദ്ധതികളിൽ നിന്നും അവർ പ്രയോജനം നേടിയിട്ടുണ്ട്. 2017ന് മുമ്പുള്ള സംസ്ഥാനത്തിന്റെ അവസ്ഥയെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും അതിനുശേഷം അത് എങ്ങനെ മാറിയെന്നും മുൻ സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് അദ്ദേഹം പറഞ്ഞു.
നേരത്തെ പൊലീസ് സ്റ്റേഷനുകൾ മാഫിയകളുടെയും കൊള്ളക്കാരുടെയും നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പി വീണ്ടും നിയമവാഴ്ച സ്ഥാപിച്ചു. രാംപൂരിൽ നിന്നുള്ള ആളുകൾക്കായി ലഖ്‌നോവിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുന്നു. ഉപമുഖ്യമന്ത്രി പ്രസംഗിച്ചു. ഹൈദരാബാദിൽ നടന്ന ബി.ജെ.പി ഉന്നത തല യോഗത്തിൽ പസ്മന്ദ മുസ്ലിംകളെ ബി.ജെ.പിയിൽ എത്തിക്കുന്നതിന് തന്ത്രങ്ങൾ മെനയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.