ഗോവയിൽ കൂട്ട കൂറുമാറ്റത്തിന് സ്പീക്കറുടെ അംഗീകാരം
text_fieldsപനാജി: ഗോവയിൽ ബി.ജെ.പിയിലേക്ക് കൂറുമാറിയ എട്ട് കോൺഗ്രസ് എം.എൽ.എമാർ നൽകിയ കത്ത് സ്പീക്കർ രമേഷ് തവാദ്കർ അംഗീകരിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) ബി.ജെ.പിയിൽ ലയിക്കാനുള്ള കത്താണ് അംഗീകരിച്ചത്. എം.എൽ.എമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഉൾപ്പെടെ കോൺഗ്രസിന്റെ 11 എം.എൽ.എമാരിൽ എട്ടു പേരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. ഇവർ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ച് ബി.ജെ.പിയിൽ ലയിക്കാനുള്ള പ്രമേയം അംഗീകരിക്കുകയായിരുന്നു. ഇതാണ് സ്പീക്കർ അംഗീകരിച്ചത്.
കൂറുമാറിയ എം.എൽ.എമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, തങ്ങൾ രാഷ്ട്രീയം ചർച്ചചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പുതുതായി എത്തിയ എം.എൽ.എമാരെ ഉൾപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.