ചാനൽ പക്ഷപാത’ത്തിൽ കുടുങ്ങി അവിശ്വാസചർച്ച
text_fieldsന്യൂഡൽഹി: ലോക്സഭയിലെ അവിശ്വാസപ്രമേയ ചർച്ച സൻസദ് ടി.വിയുടെ ‘പക്ഷപാതിത്വ’ പ്രശ്നത്തിൽതട്ടി കുറെ നേരം തടസ്സപ്പെട്ടു. അവിശ്വാസ ചർച്ച നടക്കുമ്പോൾ ‘കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസപ്രമേയ ചർച്ച’ എന്നാണ് ദൃശ്യങ്ങൾക്കു ചുവട്ടിലായി എഴുതിക്കാണിക്കേണ്ടത്. എന്നാൽ, വിവിധ മന്ത്രാലയങ്ങളുടെ വികസന പ്രവർത്തനങ്ങളാണ് ‘ടിക്കറിൽ’ കാണിച്ചത്.
പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയിയുടെ പ്രസംഗം കഴിഞ്ഞ് ബി.ജെ.പി അംഗം നിഷികാന്ത് ദുബെ സംസാരിച്ചുതുടങ്ങുമ്പോഴും ഇത് തുടർന്നപ്പോൾ ബി.എസ്.പിയിലെ ഡാനിഷ് അലിയാണ് ഇക്കാര്യം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റു. അവിശ്വാസപ്രമേയ ചർച്ചയുടെ ഗൗരവം കുറച്ചുകാണിക്കുന്നതാണിതെന്ന് അവർ കുറ്റപ്പെടുത്തി. ഇതോടെ നിഷികാന്ത് ദുബെയുടെ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ട സ്പീക്കർ ഓം ബിർല, ആവശ്യമായ തിരുത്തൽ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. എന്നാൽ, വിഷയം പരിഹരിക്കാൻ 10 മിനിറ്റോളം എടുത്തു. അതുവരെ സഭനടപടി മുന്നോട്ടുകൊണ്ടുപോകാനായില്ല. ശരിയായവിധം എഴുതിക്കാണിച്ച ശേഷമാണ് നിഷികാന്ത് ദുബെക്ക് പ്രസംഗം തുടരാനായത്. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇത്തരമൊരു പെരുമാറ്റം പാടില്ലാത്തതാണെന്ന് സ്പീക്കർ പറഞ്ഞു. ചാനലിന്റെ ബട്ടൺ തന്റെ കൈയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന് അരക്ഷിത ബോധമാണെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.