കോവിഡ് നിയന്ത്രണം: വേണ്ടത് കൂട്ടായ പരിശ്രമമെന്ന് ലോക്സഭാ സ്പീക്കർ
text_fieldsന്യൂഡൽഹി: രാജ്യത്ത് അനുദിനം വർധിക്കുന്ന കോവിഡ് കേസുകൾ നിയന്ത്രിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചക്ക് മുമ്പാണ് അദ്ദേഹം സഭയിൽ ഇക്കാര്യം പറഞ്ഞത്.
'മനുഷ്യരാശിയെ കോവിഡ് പിടിച്ചുലച്ചു. നമ്മളും കോവിഡിനെതിരെ പോരാട്ട മുഖത്താണ്. കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ നമ്മൾ കൂട്ടായ പരിശ്രമം നടത്തേണ്ടതുണ്ട്' -ഓം ബിർള പറഞ്ഞു.
കോവിഡ് ഭീതി മറികടക്കാൻ സമഗ്രവും ഫലപ്രദവുമായ ചർച്ച ആവശ്യമാണ്. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാവണം നമ്മുടെ പരിശ്രമം. പരസ്പര സഹകരണത്തോടെയും പരിശ്രമത്തിലൂടെയും നമുക്ക് കോവിഡിനെതിരെ പോരാടാം. നിങ്ങൾ എല്ലാവരും അതിനായി വിലപ്പെട്ട നിർദ്ദേശം നൽകണമെന്നും അദ്ദേഹം എം.പിമാരോട് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു, 54,00,620. ചികിത്സയിലുണ്ടായിരുന്ന 1,133 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണം 86,752 ആയി.
നിലവിൽ 10,10,824 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 രോഗികളുടെ നില ഗുരുതരമാണ്. അതേസമയം, 43,03,044 പേർ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്.12,06,806 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.