പാർലമെന്‍റിൽ നടക്കുന്നത് ഗുണനിലവാരമുള്ള ചർച്ചകൾ; സഭയുടെ പ്രവർത്തനം100 ശതമാനത്തിനും മുകളിലെന്ന് സ്പീക്കർ ഓം ബിർല
text_fieldsന്യൂഡൽഹി: പാർലമെന്‍റിൽ നടക്കുന്ന ചർച്ചകൾ സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുമ്പോൾ സഭയിൽ ഗുണനിലവാരമുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. സംവാദങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈബ്രറി നവീകരണം, എം.പിമാർക്ക് ഗവേഷണത്തിന് സൗകര്യമൊരുക്കി നൽകുക തുടങ്ങീ നിരവധി പദ്ധതികൾ തന്‍റെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവാദത്തിന്‍റെ നിലവാരം ഉയർത്താൻ തന്‍റെ ഭാഗത്ത് നിന്ന് നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് എൻ.വി രമണ കഴിഞ്ഞ വർഷം പാർലമെന്റിലെ ചർച്ചകളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംവാദങ്ങളുടെ അഭാവം മൂലം നിയമനിർമ്മാണ പ്രക്രിയയിൽ ധാരാളം അവ്യക്തകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്‍റെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് പാർലമെന്‍റിൽ ഗുണമേന്മയുള്ള സംവാദങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി.
ലൈബ്രറി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിവിധ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും എം.പിമാർക്കുള്ള പുസ്തകങ്ങൾ ഇപ്പോൾ വീട്ടിലെത്തിച്ച് നൽകുന്നത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ സ്പീക്കറായി ഞായറാഴ്ച മൂന്നു വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ് ഓം ബിർല. സഭയുടെ പ്രവർത്തനം100 ശതമാനത്തിന് മുകളിലാണെന്നും 17-ാം ലോക്‌സഭയിൽ ഇതുവരെ എട്ട് സെഷനുകളിലായി 1,000 മണിക്കൂറോളം പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.