പുതിയ പാർലമെന്റ് കെട്ടിടോദ്ഘാടനത്തോട് അനുബന്ധിച്ച് ഇന്ത്യ 75 രൂപയുടെ നാണയം ഇറക്കുന്നു
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇന്ത്യ പുതിയ 75 രൂപയുടെ നാണയം ഇറക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഓർമക്ക് കൂടിയാണ് നാണയം ഇറക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നാണയം പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും അതിനു താഴെ ‘സത്യമേവ ജയതേ’ എന്ന വാക്കുകളും ഉണ്ടാകും. ഇടതു വശത്ത് ഭാരത് എന്ന് ദേവനാഗിരിയിലും വലതു വശത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും എഴുതിയിരിക്കും.
അശോകസ്തംഭത്തിന് താഴെയായി #75 എന്ന് എഴുതിയിരിക്കും. നാണയത്തിന്റെ മറുവശത്ത് പാർലമെന്റ് കോംപ്ലക്സിന്റെ ചിത്രമാണ് രേഖപ്പെടുത്തിയിരിക്കുക. ‘സൻസാദ് സങ്കുൽ’ എന്ന വാക്ക് ദേവനാഗിരിയിൽ ചിത്രത്തിന് മുകൾ വശത്തും ‘പാർലമെന്റ് കോംപ്ലക്സ്’ എന്ന് ഇംഗ്ലീഷിൽ ചിത്രത്തിന്റെ താഴെ വശത്തും എഴുതും. 44മില്ലീമീറ്റർ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം ഭാരമുണ്ടായിരിക്കും. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം നിക്കൽ, അഞ്ച് ശതമാനം സിങ്ക് എന്നിവകൊണ്ടാണ് നാണയം നിർമിച്ചിട്ടള്ളത്.
പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ 25 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. 20 പ്രതിപക്ഷ പാർടികൾ ചടങ്ങ് ബഹിഷ്‍കരിക്കുമെന്നാണ് വിവരം.
കോൺഗ്രസ്, ആംആദ്മി പാർട്ടി, ഇടതു സംഘടനകൾ, തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി എന്നിവർ ബിഷ്‍കരണം പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കി പ്രധാനമന്ത്രി പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.