മഹാകുംഭമേള: 15 ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ഉത്തർപ്രദേശ് സർക്കാർ
text_fieldsപ്രയാഗ്‌രാജ്: മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ മൈതാനത്ത് 15 ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഉത്തർപ്രദേശ് സർക്കാർ. വെള്ളിയാഴ്ചയോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
15000 ശുചീകരണ തൊഴിലാളികളും 2000 ഗംഗാ ശുചീകരണ വളണ്ടിയര്‍മാരും ശുചീകരണത്തിൽ പങ്കാളികളായി. സ്‌പെഷ്യൽ ഓഫീസർ ആകാൻക്ഷ റാണയാണ് ശുചിത്വ പരിപാടിക്ക് നേതൃത്വം നൽകുന്നത്. മഹാകുംഭമേളയുടെ ഭാഗമായുണ്ടായ എല്ലാ മാലിന്യങ്ങളും പ്രയാഗ്‌രാജിലെ നൈനിയിലുള്ള ബസ്വർ പ്ലാന്റിൽ സംസ്കരിക്കും.
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച താൽക്കാലിക പൈപ്പ്‌ലൈനുകളും, തെരുവുവിളക്കുകളും, ടെന്‍റുകളും പവലിയനുകളും ഇതിനോടകം പൊളിച്ചുമാറ്റി. കൂടാതെ, കുംഭമേളയ്ക്കായി സ്ഥാപിച്ച 1.5 ലക്ഷത്തോളം താൽക്കാലിക ശൗചാലയളും അടുത്ത കുറച്ച് ദിവസങ്ങളിലായി പൊളിച്ചുമാറ്റും.
മഹാശിവരാത്രി ദിവസമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. 66 കോടിയിലധികം പേരാണ് കുംഭമേളയിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത വ്യക്തികളും രാഷ്ട്രീയക്കാരും മഹാകുംഭമേളയിൽ പങ്കെടുക്കുകയും പുണ്യസ്നാനം നടത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.