ശശികലക്ക് ജയിലിൽ ഭക്ഷണമുണ്ടാക്കി നൽകിയത് ‘അമ്മ'യുടെ പാചകക്കാരി
text_fieldsചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവില്‍കഴിയുന്ന അണ്ണാഡി.എം.കെ അമ്മ വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ. ശശികലക്കൊപ്പം പോയസ് ഗാര്‍ഡനിലെ പാചകക്കാരിയും ഒളിച്ചു താമസിച്ചിരുന്നതായി വിവരം. ശശികലക്ക് ആഹാരം പാകംചെയ്തു നല്‍കിയിരുന്നത് ഇവരായിരുന്നെന്നും ജയില്‍വകുപ്പുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ജയിലില്‍ ശശികലക്കു മാത്രമായി അനധികൃതമായി അനുവദിച്ച അഞ്ചു മുറികളിൽ ഒന്നിലാണ് പാചകക്കാരിയെ രഹസ്യമായി താമസിപ്പിച്ചിരുന്നത്. വനിത സെല്ലിനു സമീപമുള്ള പ്രത്യേക അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പാചകക്കാരിയായിരുന്നു ഇൗ സ്ത്രീ. മുതിർന്ന ജയിൽ ഉദ്യോഗസ്ഥര്‍ക്ക് ശശികല രണ്ടുകോടി രൂപ കൈക്കൂലി നല്കി സുഖസൗകര്യങ്ങളിൽ കഴിഞ്ഞതായ വിവാദം കത്തിനിൽക്കവെയാണ് പോയസ് ഗാർഡനിലെ വേലക്കാരിയുടെ ജയിലിലെ സാന്നിധ്യവും പുറത്തുവന്നിരിക്കുന്നത്.
ശശികലക്ക് അനുവദിച്ച മുറികളിലേക്കുള്ള പ്രവേശനവഴിയില്‍ പ്രത്യേക സുരക്ഷാവേലികള്‍ തീര്‍ത്തിരുന്നു. ഇരുമ്പുകമ്പികള്‍കൊണ്ടു തീര്‍ത്ത വാതിലില്‍ മുറികളുടെ ഉൾഭാഗം കാണാതിരിക്കാൻ കർട്ടൻ ഉപയോഗിച്ചു മറച്ചിരുന്നു. ശശികലയുടെ മുറിയിലേക്ക് സന്ദര്‍ശകര്‍ക്ക് നേരിട്ട് പ്രവേശനാനുമതി നല്‍കിയിരുന്നതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.