മഹാരാഷ്ട്രയിൽ കുതിരക്കച്ചവടം തടയാൻ നീക്കവുമായി കോൺഗ്രസ്
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ, കുതിരക്കച്ചവടം തടയാൻ നീക്കവുമായി കോൺഗ്രസ്. എക്സിറ്റ്പോൾ ഫലങ്ങളെല്ലാം മഹായുതി സഖ്യം അധികാരം നിലനിർത്തുമെന്നാണ് പ്രവചിച്ചത്. എന്നാൽ പോളിങ് ശതമാനം ഉയർന്ന സാഹചര്യത്തിൽ കോൺഗ്രസും പ്രതീക്ഷ പുലർത്തുന്നുണ്ട്.
അതോടനുബന്ധിച്ചാണ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാൻ കോൺഗ്രസ് ശ്രമം നടത്തുന്നത്. വിദർഭയിൽ നിന്നുള്ള എം.എൽ.എമാർക്കായി പ്രത്യേക വിമാനവും ഏർപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്തെ ശരാശരി വോട്ടിങ് ശതമാനം നാലുശതമാനത്തിലേറെയാണ് വർധിച്ചത്. ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നതിനാലാണ് പോളിങ് ശതമാനം കൂടിയതെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. വിദർഭയിലെ 62 സീറ്റുകളിൽ കോൺഗ്രസിന് 35 മുതൽ 40 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പാർട്ടിയുടെ വിശ്വാസം. കോൺഗ്രസ് എം.എൽ.എ.മാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് ഇപ്പോൾ മുതൽ സ്വീകരിക്കുന്നത്. നാളെ ഫലം പുറത്തുവന്നയുടൻ എം.എൽ.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പ്രത്യേക വിമാനം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിജയസാധ്യതയുള്ള സ്വതന്ത്ര സ്ഥാനാർഥികളുമായി സമ്പർക്കം പുലർത്താനുള്ള ചുമതലയും പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറിനെ ഏൽപ്പിച്ചിട്ടുണ്ട്. കിഴക്കൻ വിദർഭയിലെ എം.എൽ.എമാരുടെ ചുമതലയും ഇദ്ദേഹത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.