സ്പെഷ്യൽ മാരേജ് ആക്ട്; അപേക്ഷകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പൊതുവിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. വിവാഹത്തിൽ മറ്റുള്ളവർക്ക് എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടെയുള്ള ചട്ടങ്ങൾ ചോദ്യം ചെയ്തായിരുന്നു ഹരജി.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസം മുമ്പ് അപേക്ഷ നല്‍കുകയും ഇതു പൊതുവായി പ്രദര്‍ശിപ്പിക്കുകയും വേണമെന്നും തടസ്സവാദങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കുകയും വേണമെന്ന് സ്‌പെഷല്‍ മാരേജ് ആക്ട് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന 6 (2), 6(3), 8, 10 വകുപ്പുകളെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
എന്നാൽ നിയമത്തിൽ പൊതുതാൽപര്യ ഹരജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും ഇടപെടുന്നില്ലെന്നും വ്യക്തമാക്കി ആവശ്യം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മലയാളിയായ ആതിര ആർ. മേനോനാണ് ഹരജി നൽകിയത്.
ഷമീം എന്നയാളെ വിവാഹം കഴിക്കാനായി ആതിര അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ സമയം അധികൃതര്‍ നോട്ടീസ് വഴിയും വെബ്‌സൈറ്റിലും പരസ്യപ്പെടുത്തിയ ഇവരുടെ വിവരങ്ങള്‍ മറ്റുപലര്‍ക്കും കിട്ടുകയും വലിയ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് പൗരന് ഭരണഘടന ഉറപ്പാക്കുന്ന വാഗ്ദാനങ്ങള്‍ക്ക് എതിരാണെന്ന് ആതിര ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയും പുരുഷനും പര്സപരം ഇഷ്ടപ്പെട്ടാൽ അവർക്ക് വിവാഹം കഴിക്കാന്‍ മറ്റുള്ളവരുടെ അനുവാദം വേണ്ടെന്നും അതിനാൽ അവര്‍ക്ക് എതിര്‍പ്പ് അറിയിക്കാനുള്ള അവസരം നല്‍കരുതെന്നും ഇത്തരം ചട്ടങ്ങള്‍ റദ്ദാക്കണമെന്നും ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
2020ലാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കോവിഡ് കാലമായതിനാല്‍ നീണ്ടുപോവുകയായിരുന്നു. നിയമത്തില്‍ പൊതുതാല്‍പര്യ ഹരജി വഴി ഇടപെടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇനി മറ്റൊരിക്കല്‍ മറ്റാരെങ്കിലും ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയാല്‍ അപ്പോള്‍ പരിഗണിക്കാം എന്ന് പറഞ്ഞായിരുന്നു ഹരജി കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.