ഭീകരവാദത്തോട് സന്ധിയില്ലാ നിലപാട് സ്വീകരിക്കാൻ അംഗരാജ്യങ്ങളോട് യു.എൻ രക്ഷാസമിതി
text_fieldsന്യൂഡൽഹി: എല്ലാത്തരത്തിലുമുള്ള ഭീകരവാദ നടപടികളോടും കർശന നിലപാട് സ്വീകരിക്കാനും ഭീകരവാദത്തെ കെട്ടുകെട്ടിക്കാനും വർധിതവീര്യത്തോടെ പ്രതിജ്ഞയെടുക്കാൻ അംഗരാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഭീകരവാദവിരുദ്ധ സമിതി ആഹ്വാനം ചെയ്തു.
രണ്ടു ദിവസമായി ഡൽഹിയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ രക്ഷാസമിതിയിലുള്ള 15 അംഗരാജ്യങ്ങളുടെ പ്രതിനിധികളും ആഗോള ഭീകരവിരുദ്ധ വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. ഭീകരവാദവും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായവും ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കുന്നതിന് മുൻഗണന നൽകാൻ ആഹ്വാനം ചെയ്യുന്ന 'ഡൽഹി പ്രഖ്യാപനം' സമ്മേളനം അംഗീകരിച്ചു. മതത്തിന്റെയോ ദേശീയതയുടെയോ വംശീയതയുടെയോ സംസ്കാരത്തിന്റെയോ പേരിലുള്ള ഒരുതരത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കരുത്. ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും മറ്റു സാങ്കേതികവിദ്യകളും തീവ്രവാദ ആവശ്യങ്ങൾക്കായി വർധിച്ച തോതിൽ ഉപയോഗിക്കപ്പെടുന്നതിൽ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകൾ തീവ്രവാദ ധനശേഖരണത്തിനായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. തീവ്രവാദ ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച ചർച്ചകൾ ജി20 ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികൾ നടത്തണം. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുന്നതിന് കൂടുതൽ ഫലപ്രദ മാർഗങ്ങൾക്കായി സ്വകാര്യ മേഖലയുമായും സിവിൽ സമൂഹവുമായും അംഗരാജ്യങ്ങൾ സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.