ആര്യൻ ഖാൻ കേസ് ഏറ്റെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഇന്നെത്തും; സമീർ വാങ്കഡെക്ക് പകരം പുതിയ തലവനെ നിശ്ചയിച്ചു
text_fieldsമുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള മുംബൈ യൂനിറ്റ് അന്വേഷിച്ചിരുന്ന ആര്യൻ ഖാന്‍റെതുൾപ്പടെയുള്ള ആറ് കേസുകൾ ഏറ്റെടുക്കാൻ എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഡൽഹിയിൽ നിന്ന് ഇന്ന് മുംബൈയിലെത്തും.
സമീർ വാങ്കഡെയെ ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെ എൻ.സി.ബി ആസ്ഥാനത്തെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു.
1996 ബാച്ച് ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ (ഡി.ഡി.ജി) സഞ്ജയ് കുമാർ സിങായിരിക്കും പുതിയ അന്വേഷണ സംഘത്തിന്‍റെ തലവൻ.
ഒക്ടോബർ 3 നാണ് ക്രൂയിസ് കപ്പലിൽ റെയ്ഡ് നടത്തി ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. പുതിയ അന്വേഷണ സംഘം കേസ് രേഖകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും ചെയ്യും.
അതെ സമയം ആര്യൻ ഖാൻ കേസിലെ നടപടിക്രമങ്ങളിലെ വീഴ്ചകളും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളിൽ എൻ.സി.ബിയുടെ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.സമീർ വാങ്കഡെ ഉൾപ്പെടെയുളള എൻ.സി.ബി ഉദ്യോഗസ്ഥരുടെതുൾപ്പടെയുള്ളവരുടെ മൊഴികൾ വിജിലൻസ് സംഘം ശേഖരിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.