'വിവാദ വിഷയങ്ങളിൽ പ്രഭാഷണം'; യു.ജി.സിക്കെതിരെ സി.പി.എം
text_fieldsന്യൂഡൽഹി: ഭരണഘടന ദിനമായ നവംബർ 26ന് ഭഗവദ് ഗീതയടക്കമുള്ള വിഷയങ്ങളിൽ പ്രഭാഷണം സംഘടിപ്പിക്കാൻ നിർേദശിച്ച് യു.ജി.സി ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും അയച്ച കത്തിനെതിരെ വിമർശനം ഉയരുന്നു.
'ഇന്ത്യ: ജനാധിപത്യത്തിന്‍റെ മാതാവ്' എന്ന തലക്കെട്ടിൽ 15 വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രഭാഷണം സംഘടിപ്പിക്കാനാണ് യു.ജി.സി നിര്‍ദേശിച്ചത്. ഇതില്‍ കൗടില്യന്‍റെ അര്‍ഥശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഉത്തമ ഭരണാധികാരി, ഭഗവദ് ഗീതയിലുള്ള തത്ത്വജ്ഞാനിയായ രാജാവ്, ഹാരപ്പ: ലോക ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ, ഖാപ്പ് പഞ്ചായത്തുകളും അവയുടെ ജനാധിപത്യ പാരമ്പര്യവും തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് വിമർശനത്തിന് വഴിവെച്ചത്.
'ഭാരത്: ലോക്‌തന്ത്ര് കി ജനനി' എന്ന പേരിൽ ഐ.സി.എച്ച്.ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്) പുസ്‌തകം പ്രസിദ്ധീകരിക്കുമെന്നും യു.ജി.സി പറയുന്നു. സർവകലാശാലകളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളെ 'പ്രോത്സാഹിപ്പിക്കണ'മെന്ന് ആവശ്യപ്പെട്ട് ഗവർണർമാർക്കും യു.ജി.സി കത്തയച്ചിട്ടുണ്ട്.
സെമിനാറിലെ വിഷയങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി. ഗവർണർമാരെ ഉപയോഗിച്ച് ആർ.എസ്.എസ്, ബി.ജെ.പി അജണ്ട അടിച്ചേൽപിക്കുന്നതിനാണ് പ്രഭാഷണം നടത്താൻ സംസ്ഥാനങ്ങളെ 'പ്രോത്സാഹിപ്പക്കണ'മെന്ന് ആവശ്യപ്പെട്ട് ഗവർണർമാർക്ക് യു.ജി.സി കത്തയച്ചതെന്നും പി.ബി കുറ്റപ്പെടുത്തി.
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തകർക്കുകയും ശാസ്ത്രാവബോധവും വിവേചനബുദ്ധിയും നശിപ്പിക്കുകയും ചെയ്യാൻ ദേശീയ വിദ്യാഭ്യാസ നയം ഉപകരണമാക്കുക എന്ന ലക്ഷ്യമാണ് തുറന്നുകാട്ടപ്പെട്ടത്. ഈ നീക്കം അവസാനിപ്പിക്കാൻ എല്ലാ ജനാധിപത്യ സംഘടനകളോടും വ്യക്തികളോടും ഒപ്പം ചേരാനും പി.ബി അഭ്യർഥിച്ചു.
ആധുനിക വിദ്യാഭ്യാസത്തിന്‍റെ ആശയങ്ങളുമായി ബന്ധമുള്ള ഒരു സ്വയംഭരണ ഏജൻസിയല്ല, മറിച്ച് ഹിന്ദുത്വ ബ്രിഗേഡിന്‍റെ കൈത്താങ്ങായി യു.ജി.സി മാറുകയാണെന്ന് കത്ത് കാണിക്കുന്നതായി ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൻസ് അസോസിയേഷൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.