അസ്ഥി നിമജ്ജനത്തിന് സ്പീഡ് പോസ്റ്റ്; തപാൽ വകുപ്പ് വിവാദത്തിൽ
text_fieldsതൃശൂർ: ഹൈന്ദവ പുണ്യസ്ഥലങ്ങളിൽ അസ്ഥി നിമജ്ജനത്തിനും ശ്രദ്ധാഞ്ജലിക്കും സ്പീഡ് പോസ്റ്റ് സേവനം. ഹരിദ്വാർ, പ്രയാഗ്രാജ്, വാരണാസി, ഗയ എന്നിവിടങ്ങളിലാണ് അസ്ഥി നിമജ്ജനത്തിന് വാര്ത്താവിനിമയ വകുപ്പിന് കീഴിലുള്ള തപാൽ വിഭാഗം സൗകര്യം ഒരുക്കിയത്. എന്നാൽ, ഇത് തുടക്കത്തിൽതന്നെ വിവാദമായി. മൃതദേഹത്തോടുള്ള അനാദരവിന് പുറമെ വിവിധ മേഖലകളിലുള്ളവർ കൈകാര്യം ചെയ്യുന്നതും വിശ്വാസത്തിന് നിരക്കുന്നതല്ലെന്നാണ് പ്രധാന വിമർശനം.
മരണാനന്തര ചടങ്ങുകൾ വ്യാപാരവത്കരിക്കുന്നതിൽ ഹൈന്ദവ സമുദായത്തിൽതന്നെ എതിർപ്പ് ശക്തമാണ്. തപാൽ ജീവനക്കാരും ഇതിനെതിരെ രംഗത്തുവന്നു. ഇതര മതസ്ഥരായ ജീവനക്കാർക്ക് ഇക്കാര്യത്തിൽ മതപരമായ ചില പരിമിതിയുമുണ്ട്. ഇക്കാരണങ്ങളാൽ സംവിധാത്തിനെതിരെ വ്യാപക എതിർപ്പാണ് ഉയരുന്നത്. മുംബൈ ആസ്ഥാനമായ സാമൂഹിക മതവേദിയായ ഓം ദിവ്യദർശനാണ് (ഒ.ഡി.ഡി) ആവശ്യവുമായി വകുപ്പിനെ സമീപിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ മരണപ്പെട്ടവർക്ക് സുരക്ഷിതമായും അന്തസ്സോടെയും മരണാനന്തര ചടങ്ങ് നടത്താനാണ് ഒ.ഡി.ഡി സഹായം തേടിയത്. മരണാനന്തര ചടങ്ങുകൾ നടത്തുന്നതിന് ഒ.ഡി.ഡി പോർട്ടലിലൂടെ ബുക്ക് ചെയ്യണം. മരിച്ചയാളുടെ ബന്ധുക്കളാണ് ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എവിടെയും 50 ഗ്രാം തൂക്കം വരെ 41 രൂപയും ദൂരവും തൂക്കവും അനുസരിച്ച് തുടർന്നുള്ള തുകയുമാണ് ഈടാക്കുക. ഇങ്ങനെ ബുക്ക് ചെയ്യുന്ന ബന്ധുക്കൾക്ക് ഒരു കുപ്പി ഗംഗാ ജലം സ്പീഡ് പോസ്റ്റിലൂടെ ലഭിക്കും. ഇതിെൻറ ചെലവ് ഒ.ഡി.ഡി വഹിക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് സംവിധാനം ഉപയോഗപ്പെടുത്താൻ ആളുകൾ മുന്നോട്ടുവന്നത്. കേരളത്തിൽ കാര്യമായ സ്വീകാര്യതയില്ല. വിവിധ മതവിഭാഗങ്ങളുടെ ആചാരസംബന്ധമായ പുണ്യവസ്തുക്കടക്കം നിലവിൽ സ്പീഡ് പോസ്റ്റ് ചെയ്യാൻ സൗകര്യമുണ്ട്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ മരണാനന്തര ചടങ്ങുകൾക്ക് കൂടി അവസരം ഒരുക്കുന്നതിൽ വലിയ വിഭാഗം ജീവനക്കാർക്ക് വിയോജിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.