40 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വണ്ടിയോടിച്ചാൽ പിഴ; ചെന്നൈ നഗരത്തിൽ സ്പീഡ് റഡാറുകൾ
text_fieldsചെന്നൈ: നഗരത്തിൽ കർശന വേഗനിയന്ത്രണം ഏർപ്പെടുത്തി ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസ്. രാവിലെ ഏഴ് മുതൽ രാത്രി 10 വരെ 40 കിലോമീറ്ററാണ് നഗരത്തിൽ അനുവദിക്കപ്പെട്ട പരമാവധി വേഗം. രാത്രി 10നും രാവിലെ ഏഴിനുമിടയിൽ 50 കി.മീ വേഗതയിലും ഓടിക്കാം. വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാൻ നഗരത്തിൽ 30 ഇടങ്ങളിൽ സ്പീഡ് റഡാർ ഗണ്ണുകൾ സ്ഥാപിച്ചു.
നഗരത്തിലെ അമിതവേഗം വലിയ പ്രശ്നമാണെന്ന് പൊലീസ് കമീഷണർ ശങ്കർ ജീവാൽ പറഞ്ഞു. എല്ലായിടത്തും പൊലീസിനെ നിർത്തി വേഗം നിയന്ത്രിക്കുക സാധ്യമല്ല. ഇപ്പോൾ സ്ഥാപിച്ച സ്പീഡ് റഡാർ ഗണ്ണുകൾ വഴി അമിതവേഗക്കാരിൽ നിന്ന് ഓട്ടോമാറ്റിക്കായി പിഴയീടാക്കും. 30 സ്പീഡ് റഡാറുകളാണ് സ്ഥാപിക്കുക. 54.33 ലക്ഷം ചെലവിട്ട് 10 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു -അദ്ദേഹം പറഞ്ഞു.
നഗരത്തിലെ 300 കേന്ദ്രങ്ങളിലെ ഗതാഗതം ഓൺലൈനായി നിരീക്ഷിക്കാവുന്ന സംവിധാനത്തിനും തുടക്കമായി. ഗൂഗ്ൾ മാപ്സുമായി കൈകോർത്താണ് ഇത് നടപ്പാക്കുന്നത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കിന് പുതിയ സംവിധാനങ്ങൾ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.