ഷിമോഗയാണോ ശിവമൊഗ്ഗ? ജീവനക്കാരുടെ സംശയം യുവതിയുടെ വിമാനയാത്ര മുടക്കി
text_fieldsബംഗളൂരു: സ്ഥലപ്പേരിനെ ചൊല്ലി വിമാനക്കമ്പനി ജീവനക്കാർ ഉയർത്തിയ സംശയം യാത്രക്കാരിയുടെ യാത്ര തടസ്സപ്പെടുത്തി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിൽ ഷിമോഗയെന്നും ശിവമൊഗ്ഗയെന്നും കണ്ടതാണ് ജീവനക്കാർക്ക് സംശയമുണർത്തിയത്.
തുടർന്ന് കോവിഡ് സർട്ടിഫിക്കറ്റ് അംഗീകരിക്കാതിരുന്ന അധികൃതർ മറ്റൊരു ആശുപത്രിയിൽനിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം വേറെ വിമാനത്തിലാണ് യാത്ര അനുവദിച്ചത്. മംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശിനിയായ ചാന്ദ് ബീഗം (47) ആണ് സ്ഥലപ്പേരിെൻറ പേരിൽ പൊല്ലാപ്പിലായത്.
ആദ്യമായി വിമാന യാത്ര ചെയ്യുന്ന യുവതി ദുബൈയിലേക്ക് പോവാൻ മംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന സ്പൈസ് ജെറ്റിലാണ് ടിക്കറ്റെടുത്തിരുന്നത്. ശനിയാഴ്ച പുലർച്ച 1.45 നായിരുന്നു യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാൽ, വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് ജീവനക്കാരുടെ പരിശോധനയിൽ കോവിഡ് സർട്ടിഫിക്കറ്റ് 'ശിവമൊഗ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസി'െൻറ പേരിലും സർട്ടിഫിക്കറ്റിലെ ജില്ല നിരീക്ഷണ ഉദ്യോഗസ്ഥെൻറ സീലിൽ രേഖപ്പെടുത്തിയത് 'ഷിമോഗ'എന്നുമായിരുന്നു.
ഇതു സംബന്ധിച്ച് ജീവനക്കാർ സംശയം ഉന്നയിച്ചതോടെ രണ്ടും ഒരേ സ്ഥലമാണെന്ന് യുവതി നൽകിയ മറുപടിയിൽ അവർ തൃപ്തരായില്ല. തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഇടപെട്ട് ശിവമൊഗ്ഗ ജില്ല അധികൃതരുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി ജീവനക്കാരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ അംഗീകരിച്ചില്ല.
തീർഥഹള്ളിയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് യാത്ര തിരിച്ച ചാന്ദ് ബീഗം രാത്രി 10ന് മംഗളൂരു വിമാനത്താവളത്തിലെത്തിയിരുന്നു. കോവിഡ് സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കമുയർന്നതോടെ ശനിയാഴ്ച പുലർച്ച 1.45നുള്ള വിമാനത്തിൽ യാത്ര ചെയ്യാനായില്ല. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് ഞായറാഴ്ച കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നേടിയ ശേഷം ഞായറാഴ്ച പുലർച്ച 1.45നുള്ള സ്പൈസ് ജെറ്റിെൻറ സർവിസിലാണ് യുവതിക്ക് ദുൈബയിലേക്ക് പറക്കാനായത്.
ഷിമോഗ എന്ന ബ്രിട്ടീഷ് കാലത്തെ പേര് ശിവമൊഗ്ഗ എന്നാക്കിയെങ്കിലും രണ്ടു പേരുകളും നിലവിൽ ഉപയോഗിക്കുന്നുണ്ടെന്ന് ശിവമൊഗ്ഗ ജില്ല സർവൈലൻസ് ഒാഫിസർ സി.എസ്. ബസവരാജു വ്യക്തമാക്കി. കോവിഡ് സർട്ടിഫിക്കറ്റിെൻറ കോപ്പി സർക്കാർ വെബ്സൈറ്റിലും ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കോവിഡ് സർട്ടിഫിക്കറ്റിൽ ഒരുവിധ തെറ്റും പാടില്ലെന്നാണ് ഇന്ത്യൻ, യു.എ.ഇ സർക്കാറുകളുടെ നിർദേശമെന്നും അതാണ് യുവതിയുടെ യാത്രക്ക് അനുമതി നൽകാതിരുന്നെതന്നും വിമാനക്കമ്പനി ജീവനക്കാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.