'നിങ്ങളുടെ മണ്ഡലങ്ങളിൽ സമയം ചെലവഴിക്കൂ'; ആപ്പ് എം.എൽ.എമാരോട് ഭഗവന്ത് മാൻ
text_fieldsചണ്ഡിഗഡ്: പഞ്ചാബിലെ തകർപ്പൻ വിജയത്തിന് ശേഷം ആം ആദ്മി പാർട്ടി എം.എൽ.എമാർക്ക് ഉപദേശവുമായി നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ. എം.എൽ.എമാർ തങ്ങളുടെ നിയമസഭ മണ്ഡലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് ഭഗവന്ത് മാൻ ആവശ്യപ്പെട്ടു. പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്ത ശേഷം എ.എ.പി എം.എൽ.എമാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വോട്ട് തേടി പോയ സ്ഥലങ്ങളിലെല്ലാം പ്രവർത്തിക്കണം. ചണ്ഡിഗഢിൽ തങ്ങാതെ എല്ലാ എം.എൽ.എമാരും അവർ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കണം. മുഖ്യമന്ത്രിയെ കൂടാതെ 17 കാബിനറ്റ് മന്ത്രിമാരുണ്ടാകും. ആരും അസ്വസ്ഥരാകേണ്ടതില്ല. നിങ്ങളെല്ലാവരും കാബിനറ്റ് മന്ത്രിമാരാണെന്നും ഭഗവന്ത് മാൻ വ്യക്തമാക്കി.
അഹങ്കാരികളാകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. നിങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്കുവേണ്ടി പോലും പ്രവർത്തിക്കുക. നിങ്ങൾ പഞ്ചാബികളുടെ എം.എൽ.എമാരാണ്. അവർ സർക്കാരിനെ തെരഞ്ഞെടുത്തു -ഭഗവന്ത് മാൻ വ്യക്തമാക്കി.
117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. ആപ്പിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ ധുരി സീറ്റിൽ നിന്ന് 58,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മാർച്ച് 16ന് ഭഗവന്ത് മാൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.