'ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു'; സി.ഐ.എസ്.എഫ് ജവാൻറെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പൈസ് ജെറ്റ് ജീവനക്കാരി
text_fieldsന്യൂഡൽഹി: ജയ്‌പുർ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ജവാൻറെ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി സ്പൈസ് ജെറ്റ് ജീവനക്കാരി. താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും ഇതാണ് മുഖത്തടിക്കാൻ കാരണമായതെന്നുമാണ് ജീവനക്കാരിയുടെ പ്രതികരണം. ജവാൻ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ജീവനക്കാരി പറഞ്ഞു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും വിടാതായതിലുള്ള പ്രകോപനത്തിലാണ് സി.ഐ.എസ്.എഫ് ജവാനെ മുഖത്തടിച്ചതെന്നും ജീവനക്കാരി വ്യക്തമാക്കി.
”എല്ലാ ദിവസം ഒരോ സമയത്താണ് ഞാൻ ജോലിക്ക് റിപ്പോർട്ട്ചെയ്യുക. സംഭവ ദിവസം ജൂലൈ 11നും രാവിലെ 4.30ന് ഞാൻ റിപ്പോർട്ട് ചെയ്തു. ജോലി ചെയ്യുന്നതിനിടെ എ.എസ്.ഐ ഗിരിരാജ് പ്രസാദ് അടുത്തുവരികയും നിങ്ങളെ പരിചരിക്കാൻ എനിക്കും ഒരു അവസരം നൽകൂ എന്ന് പറയുകയും ചെയ്തു. ഒരു രാത്രിക്ക് എത്രയാണ് ഈടാക്കുന്നതെന്നും ആ വ്യക്തി ചോദിച്ചു. അദ്ദേഹത്തെ കേൾക്കണമെന്നും ഡ്യൂട്ടി പെട്ടെന്ന് അവസാനിപ്പിക്കാമെന്നും അയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എന്നെപ്പോലെ പല സ്ത്രീകളെയും കണ്ടിട്ടുണ്ടെന്നും ജോലി ഇല്ലാതാക്കുമെന്നും അയാൾ പറഞ്ഞു,” ജീവനക്കാരി എ.എൻ.ഐയോട് പറഞ്ഞു. സ്പൈസ് ജെറ്റും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരിക്കൊപ്പം നിൽക്കുമെന്നും സംഭവത്തിൽ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും കമ്പനി പ്രതികരിച്ചു.
സ്പൈസ് ജെറ്റ് ജീവനക്കാരിയായ യുവതി സി.ഐ.എസ്.എഫ് ജവാനെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സുരക്ഷ പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ജീവനക്കാരി മുഖത്തടിച്ചത് എന്ന് ചൂണ്ടിക്കാട്ടി ഗിരിരാജ് പരാതി നൽകിയിരുന്നു. പിന്നാലെ ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.