ആയിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്‌പൈസ് ജെറ്റ്
text_fieldsമുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്‌പൈസ് ജെറ്റ് 1,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. കമ്പനിയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ശ്രമിച്ചു വരികയാണെന്ന് എയർലൈൻ അധികൃതർ തിങ്കളാഴ്ച അറിയിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളും നിയമയുദ്ധങ്ങളും മറ്റും അഭിമുഖീകരിക്കുന്നതിനാൽ കൂടുതൽ ജീവനക്കാരോട് പിരിഞ്ഞുപോകാൻ കമ്പനി ആവശ്യപ്പെട്ടേക്കാം. പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം ഈ ആഴ്ച ഉണ്ടാകും.
ലാഭകരമായ വളർച്ച കൈവരിക്കുന്നതിനായി എയർലൈൻ മാനവശേഷി പരിഷ്‍കരണം ഉൾപ്പെടെ നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് വിവരമൊന്നും നൽകിയിട്ടില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സ്‌പൈസ് ജെറ്റ് എയർലൈൻസിൽ ഏകദേശം 9,000 ജീവനക്കാരുണ്ട്. 10 മുതൽ 15 ശതമാനം വരെ ജീവനക്കാരുടെ എണ്ണം കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 15 ശതമാനം കുറച്ചാൽ ഏകദേശം 1350 പേർക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനിടെ, നിർദ്ദിഷ്ട ജോലി വെട്ടിക്കുറയ്ക്കലിനെക്കുറിച്ച് സ്പൈസ് ജെറ്റിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇതിലൂടെ മാത്രം 100 കോടി രൂപ വരെ വാർഷിക ലാഭം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എയർലൈൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സ്‌പൈസ്‌ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയിലെ എല്ലാ പ്രധാന ചെലവുകൾക്കും താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.