അന്തിമ വോട്ടുകണക്കിൽ കൂടിയത് 4.65 കോടി വോട്ട്; 79 സീറ്റിൽ എൻ.ഡി.എയുടെ ഭൂരിപക്ഷത്തേക്കാൾ അധികം
text_fieldsന്യൂഡൽഹി: 18ാം ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിനെ കുറിച്ച് വിവാദം തുടരുന്നു. വോട്ടിങ് ദിവസം രാത്രി എട്ടുമണിക്ക് പുറത്തുവിട്ട കണക്കും അന്തിമ കണക്കും തമ്മിൽ കോടികളുടെ വ്യത്യാസമുണ്ടെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള വോട്ട് ഫോർ ഡെമോക്രസി (വി.എഫ്.ഡി) ചൂണ്ടിക്കാട്ടി. 4,65,46,885 വോട്ടുകളുടെ വ്യതയാസമാണ് രണ്ടും തമ്മിലുള്ളത്. മൊത്തം വോട്ടുകളുടെ എണ്ണത്തിലുണ്ടായ ഈ വൻ അന്തരം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിപൂർവകമായ നടത്തിപ്പിൽ തന്നെ സംശയം ജനിപ്പിക്കുന്നതായി വി.എഫ്.ഡി ചൂണ്ടിക്കാട്ടി. 15 സംസ്ഥാനങ്ങളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വിജയിച്ച 79 സീറ്റുകളിലെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് അന്തിമ വോട്ടിംഗ് ശതമാനത്തിലെ വർധനവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സീറ്റുകളിൽ പലതിലും എൻ.ഡി.എ സ്ഥാനാർഥികൾ കഷ്ടിച്ചാണ് വിജയിച്ചത്. ഘട്ടം തിരിച്ചുള്ള വോട്ടുകണക്കുകൾ വിശകലനം ചെയ്ത ശേഷമാണ്റിപ്പോർട്ട് തയാറാക്കിയതെന്ന് വി.എഫ്.ഡി വ്യക്തമാക്കി.
മുൻ തെരഞ്ഞെടുപ്പുകളിൽ പോളിങ് ദിവസം വൈകീട്ട് പുറത്തുവിടുന്ന ശതമാനവും അന്തിമ കണക്കും തമ്മിലുള്ള വർധനവ് ഏകദേശം ഒരുശതമാനം ആയിരുന്നെങ്കിൽ, ഇത്തവണ ശരാശരി 3.2 ശതമാനം മുതൽ 6.32% വരെയാണ് ഏഴുഘട്ടങ്ങളിലും വർധിച്ചത്. ഇതിൽ ആന്ധ്രപ്രദേശിൽ 12.54 ശതമാനവും ഒഡീഷയിൽ 12.48 ശതമാനവും വ്യത്യാസം രേഖപ്പെടുത്തി. അന്തിമ വോട്ടിംഗ് ശതമാനത്തിൽ 4.72ശതമാനമാണ് വർധന. ഇങ്ങനെ വോട്ട് വർധിക്കാനുള്ള വിശ്വസനീയമായ കാരണങ്ങളൊന്നും ഇതുവരെ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒഡീഷയിലെ 18 സീറ്റുകൾ, മഹാരാഷ്ട്രയിൽ 11, പശ്ചിമ ബംഗാളിൽ 10, ആന്ധ്രയിൽ ഏഴ്, കർണാടകയിൽ ആറ്, ഛത്തീസ്ഗഡിലും രാജസ്ഥാനിലും അഞ്ച് വീതം, ബിഹാർ, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ മൂന്ന് വീതം, അസമിൽ രണ്ട്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിൽ ഒന്നുവീതം സീറ്റുകളിലാണ് എൻ.ഡി.എയുടെ ഭൂരിപക്ഷത്തെ വോട്ടിങ് ശതമാനത്തിലെ വ്യത്യാസം മറികടന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം നൽകണമെന്നും സംശയനിവാരണം നടത്തണമെന്നും വിഎഫ്ഡി അഭ്യർഥിച്ചു.
നേരിയ ഭൂരിപക്ഷത്തിൽ എൻ.ഡി.എ സ്ഥാനാർഥികൾ വിജയിച്ച 10 സംസ്ഥാനങ്ങളിലെ 18 സീറ്റുകളിൽ, വോട്ടെടുപ്പിനിടെ ഇവിഎം തകരാറും വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേടുകളും അടക്കം ഗുരുതര ആശങ്കകൾ പ്രതിപക്ഷ സ്ഥാനാർത്ഥികൾ ഉന്നയിച്ചിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ബിഹാറിലെ സരൺ, മഹാരാഷ്ട്രയിലെ മുംബൈ നോർത്ത്-വെസ്റ്റ്, ഉത്തർപ്രദേശിലെ ഫറൂഖാബാദ്, ബൻസ്ഗാവ്, ഫുൽപൂർ എന്നിവിടങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മുൻ ബ്യൂറോക്രാറ്റ് എം.ജി. ദേവസഹായം, ആക്ടിവിസ്റ്റ് ഡോ. പ്യാരെ ലാൽ ഗാർഗ്. ടീസ്റ്റ സെതൽവാദ്, ഡോൾഫി ഡിസൂസ, ഫാ. ഫ്രേസർ മസ്‌കരേനാസ്, ഖലീൽ ദേശ്മുഖ് എന്നിവരാണ് വി.എഫ്.ഡിയുടെ സ്ഥാപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.