എൻ.സി.പിയിലെ പിളർപ്പ്: ആരൊക്കെ ആർക്കൊപ്പം, ഇന്നറിയാം
text_fieldsമുംബൈ: എൻ.സി.പിയിലെ എം.എൽ.എമാർ, എം.പിമാർ, മറ്റ് നേതാക്കളിൽ ആരൊക്കെ ശരദ്പവാറിനൊപ്പം ആരൊക്കെ ബി.ജെ.പി പാളയത്തിലെത്തിയ അജിത് പവാറിനൊപ്പമെന്ന് ബുധനാഴ്ച അറിയാം. ബുധനാഴ്ച ഇരുവിഭാഗവും പാർട്ടി ജനപ്രതിനിധികളുടെയും മറ്റ് നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. പതിവുപോലെ നരിമാൻപോയന്റിലെ വൈ.ബി. ചവാൻ സെന്ററിലാണ് ഔദ്യോഗികപക്ഷത്തിന്റെ യോഗം.
53ൽ 40ഓളം എൻ.സി.പി എം.എൽ.എമാർ ഒപ്പമുണ്ടെന്നാണ് അജിത്തിന്റെ വാദം. അതേസമയം, 31 പേരാണ് അജിത്തിന് നേരിട്ട് പിന്തുണ അറിയിച്ചത്. ഇവരിൽ രണ്ടുപേർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പവാർ പക്ഷത്ത് തിരിച്ചെത്തി. അജിത്തിനൊപ്പം പോയ ലോക്സഭ എം.പി മറാത്തി സിനിമ താരം അമോൽ കോലെ കഴിഞ്ഞ ദിവസം പവാർ പക്ഷത്തേക്ക് മടങ്ങിയിരുന്നു.
ഇതിനിടയിൽ, തന്റെ ഫോട്ടോ വിമതപക്ഷം ഉപയോഗിക്കുന്നത് ശരദ്പവാർ വിലക്കി. തന്റെ ആശയങ്ങളെ തള്ളിപ്പറഞ്ഞ് മറ്റൊരു പ്രത്യയശാസ്ത്രത്തിനൊപ്പം പോയവർ തന്റെ ചിത്രം ഉപയോഗിക്കരുതെന്നാണ് പവാറിന്റെ താക്കീത്.
ബി.ജെ.പി പാളയത്ത് പോയി ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് ചൊവ്വാഴ്ച നിയമസഭാമന്ദിരത്തിന് തൊട്ടുള്ള സർക്കാർ ബംഗ്ലാവിൽ തുടങ്ങിയ പുതിയ ഓഫിസിൽ പവാറിന്റെ ഫോട്ടോ വെച്ചിരുന്നു. ഇതേ തുടർന്നാണ് പവാറിന്റെ താക്കീത്.
മഹാത്മ ഫുലെ, അംബേദ്കർ, ശാഹു മഹാരാജ് എന്നിവരിൽ നിന്ന് പഠിച്ച മതേതര, സമത്വ, സാഹോദര്യ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്നും ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും വർഗീയധ്രുവീകരണ നയത്തെ ശക്തമായി എതിർക്കുമെന്നും ശരദ്പവാർ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമോഡൽ പിന്തുടരുമെന്നാണ് അജിത് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.