ബിഹാറിൽ നിതീഷിനും ബി.ജെ.പിക്കുമിടയിൽ ഭിന്നത
text_fieldsന്യൂഡൽഹി: മതേതര കൂട്ടായ്മയിൽനിന്ന് മറുകണ്ടം ചാടി ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാറുണ്ടാക്കിയ നിതീഷ് കുമാറിന്എൻ.ഡി.എയുമായി സ്വരച്ചേർച്ചയില്ലായ്മ. ബിഹാറിന് പ്രത്യേക സംസ്ഥാനപദവി നൽകാത്തതിനെ ചൊല്ലി ഉടലെടുത്ത ഉരസലാണ് മൂർച്ഛിച്ചത്. ബിഹാറിനും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കുമുള്ള വ്യതിരിക്തമായ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ധനകാര്യ കമീഷന് എഴുതിയ കത്തിൽ നിതീഷ് കുമാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ജനതാദളുമായും കോൺഗ്രസുമായും ബന്ധം വേർപെടുത്തി ബി.ജെ.പിയോടൊപ്പം ചേർന്നുനിന്ന നിതീഷ് കുമാർ വീണ്ടും ‘യൂടേൺ’ അടിക്കാനൊരുങ്ങുന്നതിെൻറ ഭാഗമാണ് കേന്ദ്രവുമായി ഉടക്കുന്നതെന്ന അഭ്യൂഹം ജനതാദൾ-യു കേന്ദ്രങ്ങൾതന്നെ പ്രചരിപ്പിക്കുന്നുണ്ട്. കറൻസി നിരോധനം ന്യായീകരിച്ച നിതീഷ് കുമാർ ഇപ്പോൾ അതിനെ തള്ളിപ്പറഞ്ഞതും ഇതിെൻറ ഭാഗമാണെന്നാണ് പ്രചാരണം.
ബി.ജെ.പിയുമായി ഉടൻ ബന്ധം വിച്ഛേദിക്കിെല്ലന്ന് വ്യക്തമാക്കിയ ജനതാദൾ (യു) നേതാവ് ബന്ധം സുഖകരമെല്ലന്ന് ചേർത്ത് പറയുന്നുമുണ്ട്. ‘‘ജനതാദൾ-യുവുമായി സഖ്യമുണ്ടാക്കിയിട്ട് ബി.ജെ.പിക്ക് എന്തു കിട്ടിയെന്ന് എല്ലാവർക്കുമറിയുന്നതാണ്. എന്നാൽ, തിരിച്ച് തങ്ങൾെക്കന്ത് കിട്ടിയെന്നാണ് ഉന്നത നേതാവ് ചോദിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പി ഇന്ന് ഉപമുഖ്യമന്ത്രിപദമടക്കം പ്രധാന വകുപ്പുകളൊക്കെ കൈയാളുന്നുണ്ട്. എന്നാൽ, ബി.ജെ.പി തിരിച്ചൊന്നും നൽകിയില്ല. എയർ ഇന്ത്യയുടെ ഒാഹരി വിൽപനയടക്കമുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽപോലും ബി.ജെ.പി ഒരു സഖ്യകക്ഷിയോടും കൂടിയാലോചിക്കുന്നിെല്ലന്ന പരാതിയും നേതാക്കൾക്കുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം ബിഹാറിലെ എൻ.ഡി.എക്ക് കീറാമുട്ടിയാകും. 2013ൽ ബി.ജെ.പിയുമായി ജനതാദൾ സഖ്യമുണ്ടായിരുന്നപ്പോൾ 25:15 എന്ന നിലയിലായിരുന്നു ലോക്സഭ സീറ്റുകൾ വീതംവെച്ചിരുന്നത്. എന്നാൽ, 2014ലെ പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പി 30 സീറ്റിൽ മത്സരിക്കുകയും അതിൽ 22 എണ്ണം േനടുകയും ചെയ്തിരുന്നു. ഏഴ് സ്ഥാനാർഥികളെ നിർത്തിയ രാം വിലാസ് പാസ്വാെൻറ എൽ.ജെ.പി ആറ് പേരെയും ജയിപ്പിച്ചെടുത്തു. എന്നാൽ, 38 സ്ഥാനാർഥികളെ നിർത്തിയ ജനതാദളിന് കേവലം രണ്ട് എം.പിമാരെയാണ് കിട്ടിയത്. ഇൗ നിലക്ക് വിതരണം നടത്തിയാൽ ജനതാദൾ-യുവിന് നൽകാൻ സീറ്റുകളൊന്നുമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.