തമിഴ്നാട്ടിൽ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ കേസിലെ വിധിയിൽ ഭിന്നത
text_fieldsചെന്നൈ: തമിഴ്‍നാട്ടില്‍ ടി.ടി.വി ദിനകരൻ പക്ഷത്തെ 18 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നതിൽ ഹൈകോടതി ജഡ്ജിമാർക്കിടയിൽ ഭിന്നത. ഇതേ തുടർന്ന് കേസ് മൂന്നാമതൊരു ജഡ്്ജി കൂടി കേട്ട് വിധി പറയുന്നതിനായി മാറ്റി. അയോഗ്യരാക്കിയ നടപടിയെ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി അനുകൂലിച്ചുവെങ്കിലും രണ്ടാമത്തെ ജഡ്ജ് ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 18 ന് ടി.ടി.വി ദിനകരൻ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കർ പി. ധനപാലൻ അയോഗ്യരാക്കിയതിനെതിരെ ഒരു കൂട്ടം ഹരജികളാണ് ഹൈകോടതിയിലെത്തിയത്. ഇതിനെതിരെ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറുടെ നടപടി. ദിനകരപക്ഷത്തെ 18 പേരെ അയോഗ്യരാക്കിയതോടെ വോട്ടവകാശമുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 215 ആയി ചുരുങ്ങി. ഇതോടെ ഭരണം നിലനിർത്താൻ വേണ്ട സംഖ്യ 108 ആയി കുറഞ്ഞു. അങ്ങനെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് സഭയിൽ വിശ്വാസവോട്ട് നേടാൻ കഴിഞ്ഞത്. നിലവില്‍ ഇ.പി.എസ്, ഒ.പി.എസ് പക്ഷത്തുള്ളത് 111 എം.എൽ.എമാരാണ്.
18 എം.എൽ.എമാർക്കുള്ള അയോഗ്യത റദ്ദാക്കിയാല്‍ സർക്കാരിന്‍റെ നിലനിൽപ്പ് അപകടത്തിലാവും. ആർ.കെ. നഗർ മണ്ഡലത്തിൽ നിന്ന് ദിനകരൻ ജയിച്ചതോടെ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. മൂന്ന് എ.ഐഡി.എം.കെ എം.എൽ.എമാർ ഇപ്പോള്‍ പരസ്യമായി ദിനകരപക്ഷത്താണ്. 18 എം.എൽ.എമാർ കൂടി ചേരുമ്പോൾ ദിനകരപക്ഷത്ത് 22 എം.എൽ.എമാരാകും. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച മൂന്ന് സ്വതന്ത്രഎം.എൽ.എമാരും ഇപ്പോള്‍ സർക്കാരിനൊപ്പമല്ല ഉള്ളത്. പ്രതിപക്ഷത്തിന്‍റെ 98 പേർക്കൊപ്പം ദിനകരപക്ഷം കൂടി ചേർന്നാല്‍ നിയമസഭയില്‍ ഭരണപക്ഷം ന്യൂനപക്ഷമാകും. മറിച്ച് എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി കോടതി അംഗീകരിച്ചാല്‍ 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഏതായാലും കോടതിവിധിയോടെ തമിഴ്നാട്ടിൽ ഭരണ പ്രതിസന്ധി ഉടലെടുക്കും എന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.